ഇണയ്‌പ്പു സില്ലു, മുഖം തുലക്കി, മിൻവെട്ട്...; ഫെയ്സ് വാഷ് മുതൽ ഫ്ളൈറ്റ് മോഡ് വരെ 43 ഇംഗ്ലീഷ് പദങ്ങൾക്ക് കൂടി തമിഴ് വാക്കുകളായി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

ചെന്നൈ: നിങ്ങളുടെ ഫോണിലെ ഇണയ്‌പ്പു സില്ലു ഏതാണ്. അന്തംവിടേണ്ട... തമിഴിൽ സിംകാർഡിന് പകരമായി ഉപയോഗിക്കുന്ന വാക്കാണ് ഇണയ്‌പ്പു സില്ലു. ഭാഷാസ്നേഹത്തിന്റെ കാര്യത്തിൽ മറ്റാരെക്കാളും ഒരുപടി മുന്നിൽനിൽക്കുന്ന തമിഴ്നാട്ടിൽ മൊബൈൽ ഫോൺ കൈപ്പേശിയും ഇന്റർനെറ്റ് ഇണയദളവുമായിട്ട് ഏറെക്കാലമായി. ഈ വിഭാഗത്തിലേക്ക് 43 വാക്കുകൾകൂടി ചേർത്തിരിക്കുകയാണ് സർക്കാരിനു കീഴിലെ തമിഴ് വളർച്ചി കഴകം (തമിഴ് ഡിവലപ്‌മെന്റ് ഡിപ്പാർട്ട്മെന്റ്). ഇതിലൊന്നാണ് ഇണയ്‌പ്പു സില്ലു.

ഇത്തരത്തിൽ തമിഴ് ഭാഷയിൽനിന്ന് ഇംഗ്ലീഷ് പദങ്ങൾ ഒഴിവാക്കാനും പകരം മനോഹരമായ തമിഴ്‌പദങ്ങൾ സൃഷ്ടിക്കാനുമായി പ്രവർത്തിക്കുന്ന വിഭാഗമാണ് തമിഴ് വളർച്ചി കഴകം. കഴിഞ്ഞദിവസം ചെയർമാൻ എം. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 43 ഇംഗ്ലീഷ് വാക്കുകൾക്കുള്ള തമിഴ് പദങ്ങൾ അന്തിമമാക്കി പുറത്തുവിട്ടത്. ഇതുപ്രകാരം ഫെയ്സ് വാഷ് ഇനി മുഖം തുലക്കിയാകും. ചെക്ക് ഇൻ ടൈം നുഴവ് നേരവും ചെക്ക് ഒൗട്ട് ടൈം വെളിയേറു നേരവും കവർ ലെറ്റർ മുഖവുറൈ കടിതവുമാവും.

മറ്റുചില ഇംഗ്ലീഷ് വാക്കുകളും അതിനു തുല്യമായ തമിഴ് പദങ്ങളും: പോളിത്തീൻ സീലർ (നെകിഴിപ്പെ ഒട്ടി), ട്വീസർ (നുൺ ഇടുക്കി), റബ്ബർ ഗേജ് (വലുക്കമ്പി തടിമൺ അളവി), ടോർക്ക് ഗേജ് (മുറുക്ക് വിശെ അളവി), പി.ഒ.എസ്. ഡിവൈസ് (ചെലുത്തുകൈ കരുവി), പേഴ്സണൽ സ്റ്റേറ്റ്മെന്റ് (തൻകൂട്ട്), സൈബർ ബെറ്റിങ് (ഇണയച്ചീൺടൽ), സൈബർ ബുള്ളിയിങ് (ഇണയ് തുൺപുറുതൽ), സൈബർ സ്റ്റാക്കിങ് (ഇണയ വേവു), കൺസ്ട്രക്‌ഷൻ വേസ്റ്റ് (കട്ടുമാനക്കഴിവ്), യൂണിവേഴ്സൽ ട്രാവൽ അഡാപ്റ്റർ (പൊതുവകൈ മിന്നിണൈപ്പി), ട്രയൽ ബൈക്ക് (കഠിന വഴി ഇരുറുളി), പവർക്കട്ട് (മിൻവെട്ട്), പവർ ഷട്ട്ഡൗൺ (മിൻമുടക്കം), ബിലേറ്റഡ് ബർത്ത് ഡേ വിഷസ് (പിറന്തന്നാൾ കടന്ത വാഴ്ത്തുകൾ), മോഡ് (ചെയൽ നിലൈ), ഡിസ്റ്റൻസ് മോഡ് (തൊലൈ നിലൈ), മോഡ് ഓഫ് ട്രാൻസാക്‌ഷൻ (പരിമാറ്റ നിലൈ), റീസെറ്റ് മോഡ് (മീട്ടമൈ നിലൈ), ഇൻപുട്ട് മോഡ്/ ഇൻസേർട്ട് മോഡ് (ഉള്ളിടു നിലൈ), ഏറോപ്ലെയിൻ മോഡ്/ഓഫ് ലൈൻ മോഡ് (തൊടർപറു നിലൈ), ഡ്യുയൽ മോഡ് (ഇരുമെ നിലൈ), വേക്ക്‌ അപ്പ് കോൾ (എഴുപ്പുകൈ അഴൈപ്പ്), സൈലന്റ് മോഡ് (അമൈതി നിലൈ).

Content Highlights: Tamil Nadu's Tamil Valarchi Kazhagam finalized Tamil equivalents for 43 English terms ranging from face wash and flight mode to SIM card and power cut, aiming to promote native vocabulary over English loanwords.