അനിശ്ചിതത്വം മാറാതെ തമിഴ് മണ്ണ്; വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല, ക്ഷണിക്കില്ലെന്ന് ഗവർണർ

ചെന്നൈ: തിരഞ്ഞെടുപ്പ് ഫലം വന്ന് നാലു ദിവസങ്ങളായിട്ടും അനിശ്ചിതത്വം മാറാതെ തമിഴ്‌നാട് രാഷ്ട്രീയം. കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ, മുസ്‌ലിം ലീഗ്, എഎംഎംകെ പാർട്ടുകളുടെ പിന്തുണ ലഭിച്ചതോടെ ടിവികെയ്ക്ക് ഭരണത്തിലെത്താൻവേണ്ട കേവല ഭൂരിപക്ഷമായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
എന്നാലിപ്പോഴിതാ വിജയ്‌യെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ലെന്നാണ് ഗവർണർ ആർ.വി ആർലേക്കറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ ഭരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ, വിജയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് ഗവർണറുടെ ഓഫീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഗവർണർ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചിട്ടില്ലെന്നും ശനിയാഴ്ച നടക്കേണ്ടിയിരുന്ന ചടങ്ങുകൾ മാറ്റിവെച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവരുമായി സഖ്യ ചർച്ചകൾ നടന്നെങ്കിലും ഭൂരിപക്ഷം തികയ്ക്കാൻ ആവശ്യമായ പിന്തുണ കത്തുകൾ ഹാജരാക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. പിന്തുണയ്ക്കുന്ന എല്ലാ എംഎൽഎമാരുടെയും കത്തുകൾ ഹാജരാക്കണമെന്ന് ഗവർണർ കർശന നിർദേശം നൽകിയിട്ടുണ്ട്. വിസികെ, മുസ്‌ലിം ലീഗ്, എഎംഎംകെ എന്നീ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ വിജയ് ശ്രമിച്ചെങ്കിലും ആവശ്യമായ പിന്തുണ കത്തുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ല. അതിനിടെ മുസ്‌ലിം ലീഗും എഎംഎംകെയും വിജയ്‌യുടെ സഖ്യത്തിൽ ചേരാൻ വിസമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.
നിലവിൽ ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവുള്ളതിനാൽ തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. ഗവർണറെ കണ്ട് വിജയ് ഭൂരിപക്ഷം അവകാശപ്പെട്ടെങ്കിലും മതിയായ രേഖകൾ ഹാജരാക്കാത്തതിനാൽ നാളെ നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞ ഉണ്ടാകില്ലെന്നാണ് സൂചനകൾ. വിസികെയുടെയും മുസ്‌ലിം ലീഗിന്റെയും പിന്തുണ കത്തുകളാണ് അദ്ദേഹത്തിന് ഹാജരാക്കാൻ സാധിക്കാതിരുന്നത്.
Content Highlights: Vijay (TVK) currently holds 116 seats, falling short of the 118 majority required., Governor R.N. Ravi has not invited Vijay to form the government due to lack of proof., Key allies like VCK and Muslim League have reportedly not provided formal support letters., Saturday's scheduled oath-taking ceremony has been postponed indefinitely.