തമിഴ്‌നാട്ടിൽ വോട്ടിന് പകരം പണവും മദ്യവും ആഭരണങ്ങളും; 599 കോടിയുടെ സമ്മാനങ്ങൾ പിടിച്ചെടുത്ത് കമ്മിഷൻ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

ചെന്നൈ: തിരഞ്ഞെടുപ്പു കമ്മിഷന്റെ കർശന പരിശോധനകൾക്കിടയിലും തമിഴ്‌നാട്ടിൽ പ്രമുഖ രാഷ്ട്രീയ കക്ഷികൾ തിരഞ്ഞെടുപ്പുവേളയിൽ വോട്ടർമാരെ സ്വാധീനിക്കാൻ പണമൊഴുക്കി. വിവിധമണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പു റിപ്പോർട്ടുചെയ്ത മാധ്യമപ്രവർത്തകരും അഴിമതിവിരുദ്ധ സംഘടനകളും വോട്ടിന് പണംനൽകിയതിന്റെ ദൃശ്യങ്ങളും തെളിവുകളും പുറത്തുവിട്ടു. തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ പലയിടത്തുനിന്നും പണവും മദ്യവും പിടിക്കുകയും ചെയ്തു.

പണമോ സമ്മാനമോ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെങ്കിലും സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും പ്രമുഖകക്ഷികൾ വോട്ടർമാർക്ക് ആയിരമോ രണ്ടായിരമോ രൂപവീതം നൽകിയെന്നാണ് പറയുന്നത്. വോട്ടർമാർക്ക് പണം നൽകുന്നതിനുള്ള തന്ത്രങ്ങളെപ്പറ്റി ആലങ്കുളത്തെ അണ്ണാ ഡി.എം.കെ. സ്ഥാനാർഥി കെ.ആർ.പി. പ്രഭാകരൻ പറയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

മയിലാപ്പുരിലെ ഡി.എം.കെ. സ്ഥാനാർഥി ഡി. വേലുവിന്റെ സഹായി സത്യമൂർത്തിയുടെ വീട്ടിൽനിന്ന് പണം കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തിരുമംഗലം മണ്ഡലത്തിൽ പണം വിതരണംചെയ്യുന്നതിനെക്കുറിച്ച് ദ്രാവിഡ കഴകം ബ്രാഞ്ച് സെക്രട്ടറി സെല്ലപാണ്ഡ്യന്റെ മകൾ പറയുന്നതിന്റെ ശബ്ദരേഖ പ്രചരിച്ചു. ശ്രീവൈകുണ്ഠത്തെ കോൺഗ്രസ് സ്ഥാനാർഥി ഉർവശി എസ്. അമൃത രാജിൽനിന്ന് ഫ്ളൈയിങ് സ്ക്വാഡ് 65 ലക്ഷം രൂപ പിടിച്ചു. പലയിടത്തും സമ്മാനവിതരണത്തെച്ചൊല്ലി സംഘർഷമുണ്ടാവുകയും ചെയ്തു.

തമിഴ്‌നാട്ടിൽ മൊത്തം 599.24 കോടി രൂപയുടെ പണവും സമ്മാനങ്ങളും പിടിച്ചെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്ക്. ഇതിൽ 100.19 കോടി രൂപയുടെ പണവും 1,17,713 ലിറ്റർ മദ്യവും 76.72 കോടി രൂപയുടെ മയക്കുമരുന്നും ഉൾപ്പെടുന്നു. 259.31 കോടി രൂപയുടെ സമ്മാനങ്ങളും 159.14 കോടി രൂപയുടെ ആഭരണങ്ങളും പിടികൂടി. വോട്ടർമാർക്ക് പണംനൽകുന്നതിന്റെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ ആലങ്കുളം, മയിലാപ്പുർ, തിരുമംഗലം നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് അഴിമതിവിരുദ്ധ സംഘടനയായ അറപ്പോർ ഇയക്കം ആവശ്യപ്പെട്ടിരുന്നു.

Content Highlights: Over 599.24 crore worth of cash, alcohol, and drugs seized by the Election Commission., Evidence of vote-buying surfaced in Alangulam, Mylapore, and Thirumangalam constituencies., Anti-corruption groups demand the cancellation of polls in affected segments., Direct involvement of major political parties including AIADMK, DMK, and Congress candidates reported.