എയര്ഷോ ദുരന്തം: IAF ആവശ്യപ്പെട്ട എല്ലാ സംവിധാനങ്ങളും ഒരുക്കി; വിമര്ശനങ്ങള് തള്ളി സ്റ്റാലിന്

ചെന്നൈ: മറീനാ ബീച്ചിൽ വ്യോമസേന സംഘടിപ്പിച്ച എയർ ഷോ കാണാനെത്തിയ അഞ്ചുപേർ മരിച്ചതിന്റെ നടുക്കത്തിലാണ് തമിഴ്നാട്. സംഭവത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കടുത്ത ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ പ്രതിപക്ഷവും ബി.ജെ.പിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനവും അദ്ദേഹം പ്രഖ്യാപിച്ചു.
എയർ ഷോ നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വ്യോമസേന ആവശ്യപ്പെട്ടതനുസരിച്ചുള്ള സൗകര്യങ്ങളും സഹായവും നൽകിയിരുന്നതായും സ്റ്റാലിൻ വ്യക്തമാക്കി. ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻ്റ്, പോലീസ് ഡിപ്പാർട്ട്മെൻ്റ്, ചെന്നൈ കോർപ്പറേഷൻ, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് എന്നിവയുടെ ഏകോപനത്തോടെ ചെന്നൈയിലെ ജനങ്ങൾക്ക് ഒരു മഹത്തായ ആഘോഷപരിപാടി നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഇതുകാരണം തിക്കും തിരക്കും കാരണമുള്ള വലിയ അപകടം ഒഴിവായി. പ്രതീക്ഷിച്ചതിലും അധികം ആളുകൾ വന്നതോടെ തിരികെ പോകാൻനേരം അവർക്ക് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കടുത്തേക്കും പൊതുഗതാഗതം ലഭ്യമായിടത്തേക്കും എത്താൻ സാധിക്കാതെവന്നു. അടുത്ത തവണ വലിയ പരിപാടികൾ സംഘടിപ്പിക്കാൻ ആലോചിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"കടുത്ത ചൂടും മറ്റ് ആരോഗ്യപ്രശ്നങ്ങൾ കാരണവും അഞ്ചുപേർ മരിക്കാനിടയായതിൽ ഞാൻ അതീവ ദുഃഖിതനാണ്. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അഞ്ചുലക്ഷം രൂപ വീതം നൽകും". സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ഇന്ത്യൻ എയർഫോഴ്സിന്റെ എയർ ഷോയ്ക്കായി ഞായറാഴ്ച ചെന്നൈയിലെ മറീന ബീച്ചിൽ നിരവധിപ്പേരാണ് തടിച്ചുകൂടിയത്. ഇതിനിടെയാണ് കാണികളിൽ അഞ്ച് പേർ മരിക്കുകയും 50 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. നിർജ്ജലീകരണവും കടുത്ത ക്ഷീണവുമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടുവെന്നും ഗതാഗതക്രമീകരണങ്ങൾ പാളിയെന്നുമാണ് പരിപാടിയിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വിശാലമായ കടൽത്തീരമുള്ളതുകൊണ്ട് മറീന ബീച്ചിൽ തിക്കുംതിരക്കുമനുഭവപ്പെട്ടില്ല. എന്നാൽ, എയർ ഷോ കഴിയാറായപ്പോൾ ജനങ്ങൾ തിരിച്ചുനടക്കാൻ തുടങ്ങിയതോടെ റോഡുകളിൽ തിക്കുംതിരക്കും നിയന്ത്രണാതീതമായി. മണിക്കൂറുകൾക്കുശേഷമാണ് പലർക്കും പുറത്തുകടക്കാനായത്. 6500 പോലീസുകാരെയും 1500 ഹോം ഗാർഡുകളെയും സുരക്ഷാസംവിധാനമൊരുക്കാൻ നിയോഗിച്ചിരുന്നെങ്കിലും ജനങ്ങളെ നിയന്ത്രിക്കാൻ അവർക്കു കഴിഞ്ഞില്ല. തളർന്നുവീണവരെ ആശുപത്രിയിലെത്തിക്കാൻപോയ ആംബുലൻസുകളും വഴിയിൽക്കുടുങ്ങി. തളർന്നുവീണ ഒരാൾ ഓമന്തുരാർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഞായറാഴ്ച നഗരത്തിന്റെ കനത്തചൂടാണ് അനുഭവപ്പെട്ടത്. ചൂടിൽ കുടിവെള്ളവിതരണംപോലും ഇല്ലാതിരുന്നതും കാണികളെ വലച്ചു.
Content Highlights: Tamil Nadu Chief Minister on Chennai Air Show Deaths