2020ലെ ഡൽഹി കലാപം: ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ എഎപി മുൻ കൗൺസിലർക്ക് ജീവപര്യന്തം തടവ്

#ന്യൂസ് ഡെസ്ക്
താഹിര്‍ ഹുസൈനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ |ഫോട്ടോ:ANI
താഹിര്‍ ഹുസൈനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ |ഫോട്ടോ:ANI

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ കേസിൽ മുൻ എഎപി കൗൺസിലർ താഹിർ ഹുസൈനും മറ്റു നാലുപേർക്കും ജീവപര്യന്തം തടവ്. അഡീഷണൽ സെഷൻസ് ജഡ്ജി പ്രവീൺ സിങ്ങാണ് വിധി പറഞ്ഞത്. 

ഇരയെ 'രക്തദാഹികളായ ഒരു കൊലയാളി സംഘം' ആണ് കൊലപ്പെടുത്തിയതെന്ന് വിധി പ്രസ്താവിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടി. ഈ കുറ്റകൃത്യം ക്രൂരമായ ഒന്നാണെന്നെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ഡൽഹി പോലീസ് താഹിർ ഹുസൈന് വധശിക്ഷയാണ് ആവശ്യപ്പെട്ടത്. പ്രതികൾക്ക് ഒരു തിരുത്തലിന് അവസരമുണ്ടെന്നും അങ്ങനെയല്ലെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വധശിക്ഷ അവസാനത്തെ മാർഗ്ഗമാണെന്നും കോടതി പറഞ്ഞു.

കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടയിലാണ് ഹുസൈന്റെയും മറ്റുള്ളവരുടെയും സാന്നിധ്യത്തിൽ വിധി പ്രസ്താവിച്ചത്. ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മിഷണറും ഡിസിപിയും ഉൾപ്പെടെയുള്ള മുതിർന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും കോടതി മുറിയിലുണ്ടായിരുന്നു.

പ്രതികൾ ശർമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നും ഒരു ദയയും കാണിച്ചില്ലെന്നും അതിനാൽ അവരോട് യാതൊരു ദയയും കാണിക്കരുതെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മധുകർ പാണ്ഡെ പറഞ്ഞു.

‘ഇന്ന് ദയ ചോദിക്കുന്നവർ അന്ന് ദയ കാണിക്കേണ്ടതായിരുന്നു. ആരുടെയും ഭാഗത്ത് നിന്ന് യാതൊരു ദയയും ഉണ്ടായില്ല. ആരും അങ്കിതിനെ ആശുപത്രിയിൽ കൊണ്ടുപോയില്ല. ഇത്രയും ക്രൂരമായ കൊലപാതകത്തിന് ശേഷം അവർ ദയ ചോദിക്കുകയാണ്’ പാണ്ഡെ പറഞ്ഞു.

ഹിന്ദുക്കൾക്കെതിരെ കലാപം, തീവെപ്പ്, കൊള്ള എന്നിവ നടത്താനുള്ള ലക്ഷ്യത്തോടെ ആയുധങ്ങളുമായി സംഘടിച്ച ജനക്കൂട്ടത്തിലെ അംഗമായിരുന്നു ഹുസൈൻ എന്നും, ക്രൂരവും നിർദയവുമായ ആക്രമണത്തിൽ ശർമ്മയെ കൊലപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു.

Content Highlights: Tahir Hussain and four others sentenced to life imprisonment., Court describes the crime as a brutal act by a bloodthirsty mob., Prosecution's plea for the death penalty rejected by the court., Court emphasized that the death penalty is a last resort.