17 വർഷത്തെ നയതന്ത്രനീക്കം, ഒടുവിൽ റാണയെ ഇന്ത്യയിലെത്തിച്ചു; ആരോപണ പ്രത്യാരോപണവുമായി കോൺഗ്രസും BJPയും

ന്യൂഡൽഹി : തഹാവൂർ റാണയെ രാജ്യത്തെത്തിച്ചതിനെച്ചൊല്ലി അവകാശവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയപ്പാർട്ടികൾ. തഹാവൂർ റാണയെ വിട്ടുകിട്ടാൻ മോദി സർക്കാർ ഒന്നും ചെയ്തില്ലെന്നും യുപിഎ ഭരണകാലത്ത് ആരംഭിച്ച നയതന്ത്ര നടപടികളുടെ ആനുകൂല്യംപറ്റുകയാണ് ചെയ്തിരിക്കുന്നതെന്നും കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ പി. ചിദംബരം. എന്നാൽ, കോൺഗ്രസ് ഭരണകാലത്ത് മുംബൈ ആക്രമണക്കേസിലെ പ്രതികളെ ശിക്ഷിക്കാൻ ഒന്നും ചെയ്തിട്ടില്ലെന്നും പ്രതികളിലൊരാൾക്ക് ബിരിയാണി നൽകുകയാണ് ചെയ്തതെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ തിരിച്ചടിച്ചു.
യുപിഎ സർക്കാർ നടത്തിയ ദശകങ്ങൾനീണ്ട കഠിനമായ നയതന്ത്ര പ്രവർത്തനങ്ങളുെടയും നിയമനടപടികളുടെയും ഇന്റലിജൻസ് ശ്രമങ്ങളുടെയും അമേരിക്കയുമായി ചേർന്ന് നടത്തിയ ഏകോപനത്തിന്റെയും ഫലമായാണ് തഹാവൂർ റാണയെ ഇന്ത്യക്ക് വിട്ടുകിട്ടിയതെന്ന് ചിദംബരം പറഞ്ഞു. തഹാവൂർ റാണയെ തിരിച്ചെത്തിച്ചതിനെ കോൺഗ്രസ് നേതാവ് ശശി തരൂർ സ്വാഗതംചെയ്തു. നീതിക്കുവേണ്ടി മുന്നോട്ടുള്ള കാൽവെപ്പാണിതെന്ന് തരൂർ പറഞ്ഞു. മുംബൈ ആക്രമണസംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ കോൺഗ്രസ് താത്‌പര്യപ്പെട്ടില്ലെന്നും മോദി സർക്കാരിന്റെ ദൃഢനിശ്ചയമാണ് ഫലംകണ്ടതെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു.
മോദി സർക്കാരും രാജ്യത്തെ സുരക്ഷാ ഏജൻസികളും വലിയനേട്ടമാണ് ഇതിലൂടെ കൈവരിച്ചതെന്ന് ബിജെപി ദേശീയവക്താവ് ഷെഹ്സാദ് പൂനവാല അവകാശപ്പെട്ടു. തഹാവൂർ റാണ ഇന്ത്യയിൽത്തന്നെ ശിക്ഷിക്കപ്പെടുമെന്നും വധശിക്ഷവരെ ലഭിച്ചേക്കാമെന്നും മുൻ കേന്ദ്ര ആഭ്യന്തരസെക്രട്ടറി ജി.കെ. പിള്ള പറഞ്ഞു. രാജ്യത്തിന്റെ വലിയ നേട്ടങ്ങളിലൊന്നാണ് റാണയുടെ തിരിച്ചെത്തിക്കലെന്ന് മുൻ കേന്ദ്രമന്ത്രി ആർ.കെ. സിങ് അഭിപ്രായപ്പെട്ടു
17 വർഷം നീണ്ട നയതന്ത്രനീക്കങ്ങൾക്കുമൊടുവിൽ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ(64)യെ അതി സുരക്ഷാവലയത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ചു. 17 വർഷം നീണ്ട നിയമവ്യവഹാരങ്ങൾക്കും നയതന്ത്രനീക്കങ്ങൾക്കുമൊടുവിൽ വ്യാഴാഴ്ച വൈകീട്ടാണ് യുഎസിൽനിന്ന് പ്രത്യേകവിമാനത്തിൽ റാണയെ ഡൽഹിയിലെത്തിച്ചത്.
കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികളടങ്ങുന്ന സംഘം കുറച്ചുദിവസമായി യുഎസിലുണ്ടായിരുന്നു. റാണയെ രാജ്യത്തെത്തിച്ചത് വ്യാഴാഴ്ച വൈകീട്ട് എൻഐഎ സ്ഥിരീകരിച്ചു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടൻ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി 10.30ഓടെ പാട്യാല പ്രത്യേക കോടതിയിൽ ഹാജരാക്കിയ റാണയെ ചോദ്യം ചെയ്യുന്നതിനായി 20 ദിവസത്തെ എൻഐഐ കസ്റ്റഡിയിൽ വിട്ടു. എൻഐഎ ഡയറക്ടറർ ജനറലിന്റെ നേതൃത്വത്തിൽ 12 അംഗ സംഘമായിരിക്കും ചോദ്യംചെയ്യുന്നത്.
യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്, യുഎസ് സ്കൈമാർഷൽ എന്നീ അമേരിക്കൻ ഏജൻസികളുടെ സഹായത്തോടെയാണ് റാണയെ എത്തിച്ചതെന്ന് എൻഐഎ അറിയിച്ചു. ഇന്റലിജൻസ് ഏജൻസികൾക്കൊപ്പം നാഷണൽ സെക്യൂരിറ്റി ഗാർഡു(എൻഎസ്ജി)മുണ്ടായിരുന്നു. കനേഡിയൻ പൗരത്വമുള്ള പാക് വംശജനായ റാണയെ വിട്ടുകിട്ടാൻ 2020-ലാണ് ഇന്ത്യ ഔദ്യോഗികനീക്കം നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉടമ്പടിപ്രകാരമായിരുന്നു ആവശ്യമുന്നയിച്ചത്. അതിനെതിരേ റാണ നിയമവഴി തേടിയെങ്കിലും യുഎസ് സുപ്രീംകോടതി ഇന്ത്യയിലേക്ക് കടത്തുന്നത് ശരിവെക്കുകയായിരുന്നു.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നരേന്ദർ മാനെയെ കേന്ദ്രസർക്കാർ നിയമിച്ചു. റാണയ്ക്കുവേണ്ടി ഡൽഹി ലീഗൽ സർവീസ് സൊസൈറ്റി അഭിഭാഷകൻ പിയൂഷ് സച്ചിദേവ് ഹാജരാകും. റാണയെ വിട്ടുകിട്ടാൻ യുഎസ് കോടതിയിൽ ഇന്ത്യക്കുവേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ ദയാൻ കൃഷ്ണന്റെ നേതൃത്വത്തിലാകും എൻഐഎക്കുവേണ്ടി ഹാജരാകുക.
Content Highlights: tahawwur rana india congress bjp allegations