'എമ്പുരാനിൽ 17 വെട്ടുകൾനടത്തിയത് നിർമാതാക്കളും പ്രധാന നടനും'; ഏറ്റുമുട്ടി സുരേഷ് ഗോപിയും ബ്രിട്ടാസും

Photo: Screengrab/ mbi news
Photo: Screengrab/ mbi news

ന്യൂഡല്‍ഹി: വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ കൊമ്പുകോര്‍ത്ത് എംപിമാരായ ജോണ്‍ ബ്രിട്ടാസും സുരേഷ് ഗോപിയും. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് തന്റെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച ബ്രിട്ടാസിനെതിരേ കടുത്ത ഭാഷയിലായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. 

എമ്പുരാനുവേണ്ടി ശബ്ദമുയര്‍ത്തുന്ന ജോണ്‍ ബ്രിട്ടാസിനോ കേരള മുഖ്യമന്ത്രിക്കോ ടിപി 51, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമകളുടെ റീ റിലീസ് അനുവദിക്കാന്‍ ധൈര്യമുണ്ടോ എന്ന് സുരേഷ് ഗോപി ചോദിച്ചു. എന്നിട്ടു വേണം അവര്‍ എമ്പുരാനുവേണ്ടി ശബ്ദമുയര്‍ത്താനെന്നും ബ്രിട്ടാസിനുള്ള മറുപടിയെന്നോണം അദ്ദേഹം പറഞ്ഞു. 

എമ്പുരാന്‍ ചിത്രത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കാനോ ചിത്രം റീ സെന്‍സര്‍ ചെയ്യാനോ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കുമേല്‍ യാതൊരു സമ്മര്‍ദവും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ജനങ്ങള്‍ അറിയാന്‍ വേണ്ടിയാണ് താനീ പറയുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കാര്‍ഡില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്നു പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാക്കളെ ആദ്യം ബന്ധപ്പെട്ടതും താനാണ്. ഇതാണ് സത്യം. ഈ പറഞ്ഞ കാര്യം കളവാണെങ്കില്‍ എന്ത് ശിക്ഷയേറ്റുവാങ്ങാനും തയ്യാറാണ്. ചിത്രത്തിലെ 17 ഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം സംവിധായകന്റെ സമ്മതത്തോടുകൂടി നിര്‍മാതാക്കളുടെയും ചിത്രത്തിലെ പ്രധാന നടന്റേതുമായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ നാട്ടില്‍ നടക്കുന്നത് രാഷ്ട്രീയ സര്‍ക്കസാണെന്നും അതുവഴി തന്റെ രാഷ്ട്രീയ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും സുരേഷ് ഗോപി തുറന്നടിച്ചു. തീര്‍ത്തും പ്രകോപിതനായിരുന്നു സുരേഷ് ഗോപി.

മുനമ്പം വിഷയത്തിലേക്ക് വരികയാണെങ്കില്‍, നിങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ കൈ മാത്രമല്ല പൊള്ളിയിരിക്കുന്നത്, മറ്റു പലതം പൊള്ളിയിട്ടുണ്ട്. ഇനിയും പൊള്ളും, അതിന്റെ മുറിവ് നിങ്ങള്‍ക്കേല്‍ക്കുമെന്നും ബ്രിട്ടാസിനോടായി അദ്ദേഹം പറഞ്ഞു. ഈ രാഷ്ട്രീയ പാര്‍ട്ടി എണ്ണൂറോളം പേരെയാണ് കേരളത്തില്‍ കൊന്നൊടുക്കിയിട്ടുള്ളത്. അവരുടേത് കൊലപാതക രാഷ്ട്രീയമാണ്. മുനമ്പത്ത് അറുന്നൂറോളം കുടുംബങ്ങളെ ചതിയില്‍പ്പെടുത്തിയിരിക്കുകയാണ്. വഖഫ് നിയമ ഭേദഗതിക്കെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുക്കുകയല്ല ചവിട്ടിത്താഴ്ത്തിയിരിക്കും കേരളത്തിലെ ജനങ്ങളെന്നും സുരേഷ് ഗോപി പറഞ്ഞു.

Content Highlights: Suresh Gopi and John Brittas clashed in Rajya Sabha over the Empuraan film and Waqf amendment.