ഖരമാലിന്യ സംസ്‌കരണത്തിലും സൂറത്ത് ഒന്നാമത്; പ്രതിദിനം കൈകാര്യംചെയ്യുന്നത് 350 ടണ്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

സൂറത്ത് (ഗുജറാത്ത്): രാജ്യത്തെ ഏറ്റവുംവലിയ ശുചിത്വ സര്‍വേയായ സ്വച്ഛ് സര്‍വേക്ഷണില്‍ ഖരമാലിന്യ സംസ്‌കരണത്തിലും സൂറത്തിന് അംഗീകാരം. സര്‍വേയില്‍ ഏറ്റവും ശുചിത്വമുള്ള നഗരങ്ങളില്‍ രണ്ടാംസ്ഥാനം സൂറത്ത് സ്വന്തമാക്കിയിരുന്നു. ഇതിനൊപ്പമാണ് ഖരമാലിന്യ സംസ്‌കരണത്തിലും ദേശീയ തലത്തിലുള്ള അംഗീകാരം സൂറത്തിനെ തേടിയെത്തിയത്. 

സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എസ്എംസി) ആണ് അവാര്‍ഡിന് അര്‍ഹമായത്. മാലിന്യം റോഡരികില്‍ തള്ളുന്നതിന് പകരം അവ പുനരുപയോഗിക്കുന്നതിനാണ് അംഗീകാരം. മാലിന്യങ്ങള്‍ പുനരുപയോഗിച്ച് പേപ്പര്‍, ഗ്ലാസ്, വളങ്ങള്‍ എന്നിവ സൂറത്തിന് നിര്‍മിക്കാന്‍ സാധിച്ചു. പ്രതിദിനം 350 ടണ്‍ മാലിന്യമാണ് ഇത്തരത്തില്‍ പുനരുപയോഗത്തിനായി സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്വീകരിക്കുന്നത്. 

വീടുകള്‍, ഓഫീസുകള്‍, കെട്ടിട നിര്‍മാണ സ്ഥലങ്ങള്‍ എന്നീവിടങ്ങളില്‍നിന്ന് ശേഖരിച്ച തരംതിരിക്കുന്ന മാലിന്യങ്ങള്‍ പുനരുപയോഗിക്കുകയാണ് ചെയ്യുന്നത്. 1500 ടണ്‍ മാലിന്യം കൈകാര്യം ചെയ്യുന്നതിനാവശ്യമായ പ്ലാന്റ് സൂറത്തിനുണ്ട്. മാലിന്യത്തില്‍നിന്ന് സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ഉത്പാദിക്കാന്‍ ഉതകുന്ന പ്ലാന്റും സൂറത്തിലുണ്ട്. ഇതില്‍നിന്ന് നഗരസഭ വരുമാനവും നേടുന്നുണ്ട്.

Content Highlights: surat tops india in solid waste management recycles 350 tonnes