'ക്രിപ്റ്റോ തട്ടിപ്പിൽ പങ്കാളി'; വോട്ടെടുപ്പിന് തൊട്ട് മുമ്പ് സുപ്രിയ സുലേയ്ക്കെതിരെ ബിജെപി

മുംബൈ: മഹാരാഷ്ട്രയില്‍ പോളിങ്ങ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍സിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേയ്‌ക്കെതിരെ ആരോപണവുമായി ബിജെപി. സുപ്രിയ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുക്കേസില്‍ പങ്കാളിയായെന്നാണ് ആരോപണം. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരോപണം.
വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ രവീന്ദ്രനാഥ് പാട്ടീലാണ് 2018-ല്‍ സുപ്രിയയും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളയും ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. തട്ടിപ്പു നടത്തിയ പണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചു എന്നാണ് ആരോപണം. ഇതേറ്റെടുത്താണ് ബിജെപി സുപ്രിയയ്‌ക്കെതിരെ രംഗത്തെത്തിയത്.
പോളിങ്ങിന് മുമ്പ് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജപ്രചാരണം നടത്തുകയാണെന്ന് സുപ്രിയ സുലേ വ്യക്തമാക്കി. വ്യാജ ആരോപണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും സൈബര്‍ സെല്ലിനും പരാതി നല്‍കിയതായും സുപ്രിയ വ്യക്തമാക്കി.
Content Highlights: BJP accuses NCP`s Supriya Sule of involvement in a crypto scam ahead of Maharashtra elections.