ശബരിമല യുവതീപ്രവേശനം: ഒൻപതംഗ ബെഞ്ചിന്റെ രൂപവത്കരണം പരിഗണനയിലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയം ഉൾപ്പടെ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ രൂപവത്കരണം പരിഗണനയിലാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മതസ്വാതന്ത്ര്യവും സ്ത്രീ അവകാശങ്ങളും സംബന്ധിച്ച ചോദ്യങ്ങളാണ് ഒൻപതംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനാവിഷയം.
ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ബെഞ്ച് എപ്പോൾ മുതൽ വാദം കേട്ട് തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല. വേനലവധിക്ക് മുമ്പ് വാദം കേൾക്കൽ ആരംഭിച്ചാൽ, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സർക്കാർ നേരിടുന്ന മറ്റൊരു വെല്ലുവിളിയായി അത് മാറിയേക്കും. ശബരിമല യുവതീപ്രവേശനത്തിന് പുറമെ, മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ഉൾപ്പടെയുള്ള വിഷയങ്ങളും ഒമ്പതംഗ ബെഞ്ച് പരിഗണിക്കും.
യുവതീപ്രവേശന വിഷയം പരിഗണിക്കാൻ 2019-ൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിൽ ഒൻപതംഗ ബെഞ്ച് രൂപവത്കരിച്ചിരുന്നു. ആ ബെഞ്ചിലെ അംഗങ്ങളിൽ ഇപ്പോൾ സുപ്രീം കോടതിയിലുള്ള ഏക ജഡ്ജി നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ്. ബെഞ്ചിലെ മറ്റ് അംഗങ്ങൾ എസ്.എ. ബോബ്ഡെ, ആർ.ഭാനുമതി, അശോക് ഭൂഷൺ, എൽ.നാഗേശ്വര റാവു, മോഹൻ എം.ശാന്തന ഗൗഡർ, എസ്.അബ്ദുൽ നസീർ, ആർ.സുഭാഷ് റെഡ്ഡി, ബി.ആർ.ഗവായ് എന്നിവരായിരുന്നു.
Content Highlights: supreme court women entry nine member constitution bench formation is under consideration says cji suryakant