'അവിടെത്തന്നെ തുടരും'; കേരള ഹൈക്കോടതി ബഫർ സോണിലാണെന്ന കേരളത്തിന്റെ വാദത്തില്‍ സുപ്രീം കോടതി

സുപ്രീം കോടതി (ഫയല്‍ ചിത്രം)
സുപ്രീം കോടതി (ഫയല്‍ ചിത്രം)

ന്യൂഡൽഹി: ബഫർ സോൺ ഉത്തരവിന്റെ പേരിൽ കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് ഒരു മാറ്റവും ഉണ്ടാകില്ലെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇപ്പോൾ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെ തുടരുമെന്ന് സുപ്രീം കോടതി. എന്നാൽ ബഫർ സോണിൽ പത്തുനില കെട്ടിടമാണ് നിലനിൽക്കുന്നതെങ്കിൽ അത് പ്രശ്നമാണെന്നും കോടതി വ്യക്തമാക്കി. 

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി 2022 ജൂണിൽ സുപ്രീം കോടതി പുറപ്പടിവിച്ച ഉത്തരവിനെതിരെ കേരളം നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണനയ്ക്കെടുത്തപ്പോഴാണ് മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ കേരള ഹൈക്കോടതി പോലും സ്ഥിതി ചെയ്യുന്നത് ബഫർ സോണിൽ ആയിരുന്നുവെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടിയത്.

തുടർന്നാണ് ബഫർ സോണിലാണെങ്കിൽ പോലും ഹൈക്കോടതി കെട്ടിടത്തിന് ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അനിരുദ്ധ ബോസ് വ്യക്തമാക്കിയത്. ബഫർ സോണിൽ ഏതൊക്കെ നിർമ്മാണങ്ങൾ നിലനിർത്തണമെന്നും ഏതൊക്കെ പൊളിച്ചുമാറ്റണമെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.ആർ. ഗവായിയും ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ ജാമുവാരാംഗാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധി സുപ്രീം കോടതി പുറപ്പടിവിച്ചത്. 

ഈ ഉത്തരവ്‌ സുപ്രീം കോടതി  പിന്നീട് ഭേദഗതി ചെയ്തിട്ടുണ്ടെന്നും, തങ്ങളുടെ ആശങ്കകൾ എല്ലാം പരിഹരിക്കപ്പെട്ടുവെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്തയും, സ്റ്റാൻഡിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കറും കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ പുനഃപരിശോധന ഹർജി അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തീർപ്പാക്കി.


 

Content Highlights: Supreme Court to the argument that the Kerala High Court is in the buffer zone