ഭോപ്പാല്‍ ദുരന്തം:നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ വാദം ചൊവ്വാഴ്ചമുതല്‍

ന്യൂഡല്‍ഹി: ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ഹര്‍ജിയില്‍ ചൊവ്വാഴ്ച മുതല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വാദംകേള്‍ക്കും. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. 2010ലാണ് കേന്ദ്ര സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
1989ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍, അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ് (ഇപ്പോള്‍ ഡൗ കെമിക്കല്‍സ്) കമ്പനിയോട് 750 കോടി രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 7413 രൂപ കൂടി അധികമായി നല്‍കാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്.
1984ല്‍ ഉണ്ടായ വാതകദുരന്തത്തില്‍ മൂവായിരം പേര്‍ മരണമടഞ്ഞതായും എഴുപതിനായിരം പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായും ആയിരുന്നു ആദ്യ കണക്ക്. ഇതനുസരിച്ചായിരുന്നു 750 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ 1989ല്‍ സുപ്രീം കോടതി വിധിച്ചത്. എന്നാല്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 5295 ആണെന്നും അസുഖബാധിതര്‍ ആയവരുടെ എണ്ണം 5,27894 ആണെന്നും തിരുത്തല്‍ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ദുരന്തം അന്തരീക്ഷത്തില്‍ ഉണ്ടാക്കിയിട്ടുള്ള ആഘാതം കൂടി കണക്കിലെടുത്ത് അധിക നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.
ജസ്റ്റിസ് അരുണ്‍ മിശ്ര നേതൃത്വം നല്‍കുന്ന ഭരണഘടനാബെഞ്ചില്‍ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍, എം.ആര്‍. ഷാ, എസ്. രവീന്ദ്ര ഭട്ട് എന്നിവരാണ് അംഗങ്ങള്‍. വര്‍ഷങ്ങളായി കെട്ടികിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനുള്ള ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് 2010ല്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത തിരുത്തല്‍ ഹര്‍ജി ഇപ്പോള്‍ വാദത്തിന് എടുക്കുന്നത്.
content highlights: supreme court to hear centre's bhopal tragedy plea
Content Highlights: