'ഞങ്ങൾക്ക് എല്ലാം അറിയാം'; തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പരാതികൾ പരിശോധിക്കുമെന്ന് സുപ്രീംകോടതി

#ന്യൂസ് ഡെസ്ക്
ചീഫ് ജസ്റ്റിസ് സൂര്യ കാന്ദ്| Photo: ANI
ചീഫ് ജസ്റ്റിസ് സൂര്യ കാന്ദ്| Photo: ANI

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സുപ്രീം കോടതി. എസ്.ഐ.ആർ. നടപടികൾക്ക് അനുമതി നൽകിയത് ഏകകണ്ഠമായ തീരുമാനത്തിലൂടെയല്ലെന്ന ആരോപണമുൾപ്പെടെ പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. ‘ഞങ്ങൾക്കെല്ലാം അറിയാം. ഞങ്ങൾ പരിശോധിക്കും’ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജികൾ പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

എസ്.ഐ.ആർ. നടപ്പാക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടിനൽകാൻ ഹർജിക്കാർക്ക് സമയമനുവദിച്ചുകൊണ്ട്, കേസ് പരിഗണിക്കുന്നത് നവംബർ 17-ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ഇന്ത്യ സഖ്യ നേതാക്കൾക്കുംവേണ്ടി മുതിർന്ന അഭിഭാഷകൻ എ.എം. സിങ്‌വിയാണ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ കോടതിയിൽ ഹാജരായത്. കമ്മിഷന്റെ ആശയവിനിമയങ്ങളും ഫയൽ കുറിപ്പുകളും സംരക്ഷിക്കാൻ നിർദേശം നൽകണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. എസ്.ഐ.ആർ. സംബന്ധിച്ച തീരുമാനങ്ങൾ ചർച്ചകൾക്കുശേഷമാണോ എന്നും ഏകകണ്ഠമായിരുന്നോ എന്നും പരിശോധിക്കാൻ ഈ രേഖകൾ നിർണായകമാണെന്നും അദ്ദേഹം വാദിച്ചു.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്.ഐ.ആർ. നടത്തുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത് അംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനത്തോടെയാണെന്ന് അറിയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ തിങ്കളാഴ്ച സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

Content Highlights: Supreme Court will examine all aspects of the ECI functioning controversy, including unanimous decision allegations., CJI Surya Kant fixed the next hearing for November 17 for petitioners to file counter-affidavits.