'ആനയ്ക്ക് കൊല്ലം മുഴുവൻ മദപ്പാടോ? ഞങ്ങൾക്കും ആനകളെ കുറിച്ച് അറിയാം'- കേരളത്തോട് ജസ്റ്റിസ് ദിപാങ്കർ ദത്ത

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
സുപ്രീം കോടതി | Photo: PTI
സുപ്രീം കോടതി | Photo: PTI

ന്യൂഡൽഹി: ഊട്ടോളി രാമൻ എന്ന ആനയെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് സുരക്ഷിത ഇടത്ത് പാർപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മദപ്പാട് കാരണമാണ് ആനയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ കഴിയാത്തത് എന്ന കേരളത്തിന്റെ നിലപാടിനെയാണ് സുപ്രീം കോടതി വിമർശിച്ചത്. ആനയ്ക്ക് വർഷം മുഴുവൻ മദപ്പാട് ആണോയെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനോട് ആരാഞ്ഞു. ആനകളെ കുറിച്ച് വായിച്ചുള്ള അറിവ് തനിക്ക് ഉണ്ടെന്നും ജസ്റ്റിസ് ദിപാങ്കർ ദത്ത അഭിഭാഷകനോട് പറഞ്ഞു. ഊട്ടോളി രാമന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി ഹാജരാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.

ഊട്ടോളി രാമന്റെ ഉടമസ്ഥാവകാശവും ആയി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസിലാണ് സുപ്രീം കോടതിയുടെ നിർദേശം. ഊട്ടോളി രാമന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അമൃതാനന്ദമയി മഠവും, ഊട്ടോളി സ്വദേശി കൃഷ്ണൻ കുട്ടിയും തമ്മിലാണ് നിയമതർക്കം. ഉടമസ്ഥ അവകാശ തർക്കം നിലനിൽക്കെ കോടതി ഉത്തരവ് ലംഘിച്ച് രാമനെ ക്ഷേത്ര പരിപാടികളിൽ പങ്കെടുപ്പിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് ജയകൃഷ്ണൻ മേനോൻ എന്ന വ്യക്തിയാണ് സുപ്രീം കോടതിയിൽ കൃഷ്ണൻ കുട്ടിക്കെതിരെ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തത്.

ഈ കേസ് ജൂണിൽ പരിഗണിച്ച സുപ്രീം കോടതി ആനയെ കസ്റ്റഡിയിൽ എടുത്ത് സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ നിർദേശിച്ചിരുന്നു. എന്നാൽ മദപ്പാട് കാരണം ഈ ഉത്തരവ് പൂർണമായും നടപ്പാക്കാൻ ആയില്ലെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസൽ പി.എസ്. സുൽഫിക്കർ അലി കോടതിയെ അറിയിച്ചു. ജൂണിലാണ് തങ്ങൾ ഉത്തരവ് ഇറക്കിയതെന്നും മദപ്പാട് വർഷം മുഴുവൻ ഉണ്ടാകുമോയെന്ന് കോടതി ആരാഞ്ഞു. തുടർന്നാണ് ആനയുടെ പുതിയ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.

അമൃതാനന്ദമയി മഠം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഊട്ടോളി രാമന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് നൽകിയതോടെയാണ് ആനത്തർക്കം നിയമ പോരാട്ടത്തിലേക്ക് കടന്നത്. കെ.വി. സദാനന്ദൻ എന്നയാൾ ആൻഡമാൻ നിക്കോബാറിൽനിന്ന് കൊണ്ടുവന്ന മധു എന്ന കുട്ടിയാനയെ വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിൽ 2001 സെപ്റ്റംബർ 12-ന് നടയ്ക്കിരുത്തി. മധുവിന് രാമൻ എന്ന് പേരിട്ടത് മാതാ അമൃതാനന്ദമയിയാണ്. രാമൻ എന്നാണ് സർക്കാർ രേഖകളിലും ഈ ആനയുടെ പേര്. ഔദ്യോഗിക രേഖകൾ പ്രകാരം ഈ ആനയുടെ ഉടമസ്ഥർ അമൃതാനന്ദമയി മഠമാണ്.

2017-ൽ മദപ്പാടിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയതിനുശേഷം രാമനെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായതിനെത്തുടർന്ന് രാമനെ പരിപാലിക്കാനും ശുശ്രൂഷിക്കാനുമായി തൃശൂർ ഊട്ടോളി സ്വദേശിയായ കൃഷ്ണൻകുട്ടി എന്ന വ്യക്തിക്ക് കൈമാറി എന്നുമാണ് അമൃതാനന്ദമയി മഠത്തിന്റെ വാദം. എന്നാൽ, പാപ്പാന്മാർ രാമനെ ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന് അറിഞ്ഞതിനെ തുടർന്ന് ആനയെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. കൃഷ്ണൻകുട്ടിക്ക് 2017മുതൽ രാമനെ പരിപാലിച്ചതിന് 35 ലക്ഷം നൽകാൻ തയ്യാറാണെന്ന് അമൃതാനന്ദമയി മഠം കോടതിയെ അറിയിച്ചിരുന്നു.

കൃഷ്ണൻകുട്ടിയുടെ വാദം ആനയുടെ ഇപ്പോഴത്തെ ഉടമസ്ഥൻ താനാണെന്നാണ്. 2017-ൽ മദപ്പാടിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയതിനുശേഷം അമൃതാനന്ദമയി മഠം, കെ.വി. സദാനന്ദന് രാമനെ മടക്കിനൽകിയെന്നാണ് കൃഷ്ണൻകുട്ടിയുടെ വാദം. ഇഷ്ടദാനമായാണ് സദാനന്ദന് ആനയെ മടക്കിനൽകിയത്. ആനയെ പരിപാലിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സദാനന്ദൻ രാമനെ ഇഷ്ടദാനമായി തനിക്ക് കൈമാറിയെന്നും കൃഷ്ണൻകുട്ടി പറയുന്നു. രാമന്റെ ഉടമസ്ഥാവകാശം ലഭിച്ചശേഷം ആനയ്ക്ക് ഊട്ടോളി രാമൻ എന്ന പേരിട്ടതായും കൃഷ്ണൻ കുട്ടി പറയുന്നു. ജയകൃഷ്ണൻ മേനോനുവേണ്ടി അഭിഭാഷകരായ സി. ഉണ്ണികൃഷ്ണൻ, എ. കാർത്തിക് എന്നിവർ ഹാജരായി. കൃഷ്ണൻ കുട്ടിക്കുവേണ്ടി അഭിഭാഷകരായ കൃഷ്ണ മോഹൻ, പ്രേരണ ജെയിൻ എന്നിവർ ഹാജരായി.