താഴ്ന്ന യോഗ്യതയുള്ളവർക്ക് സംവരണംചെയ്ത ജോലി ഉയർന്ന യോഗ്യതക്കാർക്ക് നൽകരുത്- സുപ്രീം കോടതി

#സ്വന്തം ലേഖകൻ
ഫോട്ടോ: സാബു സ്കറിയ
ഫോട്ടോ: സാബു സ്കറിയ

ന്യൂഡൽഹി: താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി സംവരണം ചെയ്ത തസ്തികയിലേക്ക് ഉയർന്ന യോഗ്യതയുള്ളവരെ നിയമിക്കരുതെന്ന് സുപ്രീംകോടതി. അങ്ങനെചെയ്യുന്നത് അർഹരായവരുടെ അവകാശങ്ങളെ ഹനിക്കുമെന്നും ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

അധികയോഗ്യത മറച്ചുവെച്ച് ജോലിയിൽ പ്രവേശിച്ചയാളെ പിരിച്ചുവിടാമോ എന്ന വിഷയം ഈയിടെ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് പരിശോധിക്കാനായി മാറ്റിയിരുന്നു.

തമിഴ്‌നാട്ടിലെ സിൻഡിക്കേറ്റ് ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ളയുടെ ബെഞ്ചിന്റെ നടപടി. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരുമായി മത്സരിക്കാൻ സാധിക്കാത്ത വിഭാഗങ്ങൾക്കായി തസ്തികകൾ സംവരണം ചെയ്യാൻ സർക്കാരിന് സാധിക്കും. അതിനാൽ അത്തരം തസ്തികകളിൽ ഉയർന്ന യോഗ്യത മറച്ചുവെച്ച് പ്രവേശിക്കാനാവില്ലെന്നും സിൻഡിക്കേറ്റ് ബാങ്ക് കേസിൽ സുപ്രീംകോടതി പറഞ്ഞു.

സിൻഡിക്കേറ്റ് ബാങ്കിൽ താത്കാലിക ബാങ്ക് അറ്റൻഡന്റ് തസ്തികയിൽ അധികയോഗ്യത മറച്ചുവെച്ച് പ്രവേശിച്ചയാളെ പിരിച്ചുവിട്ടിരുന്നു. പത്താംക്ലാസ് യോഗ്യതയുള്ളവരെ നിയമിക്കേണ്ട തസ്തികയിലേക്ക് ബിരുദധാരി പ്രവേശനംനേടുകയായിരുന്നു. എന്നാൽ, മദ്രാസ് ഹൈക്കോടതി ഇയാളെ പുനർനിയമിച്ചതിനെതിരേ ബാങ്ക് സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

Content Highlights: Supreme Court mandates that posts reserved for lower qualifications should not be filled by overqualified candidates., The bench, led by Justice Ahsanuddin Amanullah, emphasized protecting the rights of eligible, less qualified applicants., The ruling overturns a Madras High Court decision regarding a Syndicate Bank recruitment case., Concealing higher educational qualifications to secure a lower-tier reserved job is grounds for termination.