വിധിയിൽ കൈപൊള്ളി കേന്ദ്രം, രാഷ്ട്രീയ ദുരുപയോഗത്തിന് തിരിച്ചടി; തമിഴ്നാട്ടിൽമാത്രമായി പരിമിതപ്പെടില്ല

ന്യൂഡല്ഹി: ഫെഡറലിസത്തിനേൽക്കുന്ന ആഘാതങ്ങൾക്ക് മേലുള്ള രക്ഷാകവചമാണ് സുപ്രീംകോടതി ചരിത്രപരമായ വിധിയിലൂടെ ഉറപ്പിച്ചത്. സംസ്ഥാനസർക്കാരുകളുടെ അവകാശങ്ങളും അധികാരങ്ങളും രാഷ്ട്രീയായുധമുപയോഗിച്ച് വെട്ടിയൊതുക്കാൻ ഗവർണർപദവി ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയത്തിനിടയിൽ പുറത്തുവന്ന വിധി പുനർചിന്തയ്ക്ക് വഴിയൊരുക്കും.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ രാഷ്ട്രീയദൗത്യവാഹകരാക്കുന്നുവെന്ന വിമർശനം നേരിടുന്ന ബിജെപിക്കും കേന്ദ്രസർക്കാരിനും കോടതിനിലപാടിൽ കൈപൊള്ളി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ രാഷ്ട്രീയം കൈകാര്യംചെയ്യുന്നത് ഇന്ത്യൻരാഷ്ട്രീയത്തിൽ പുതുമയല്ല. എന്നാൽ, പ്രതിപക്ഷ ഭരണങ്ങളെ അട്ടിമറിക്കാനും രാഷ്ട്രീയലക്ഷ്യമുറപ്പിച്ച് സംസ്ഥാന സർക്കാരുകളെ സമ്മർദത്തിലാക്കാനും നിയമനിർമാണപ്രക്രിയകളെ തടഞ്ഞിടുന്ന പ്രവണത സമകാലിക രാഷ്ട്രീയത്തിന്റെ തന്ത്രപ്രധാനസംഭാവനയാണ്.
തമിഴ്നാട്ടിലെ സംഭവവികാസങ്ങളാണ് വിധിക്ക് അടിസ്ഥാനമെങ്കിലും അതവിടെ പരിമിതപ്പെടുന്നില്ല. കേരളം, പഞ്ചാബ്, പശ്ചിമബംഗാൾ തുടങ്ങിയ പ്രതിപക്ഷഭരണപ്രദേശങ്ങളിലും സമാനമായ രംഗങ്ങൾ ആവർത്തിക്കപ്പെട്ടു. ഗവർണർമാർ ബില്ലുകൾ പിടിച്ചുവെച്ചപ്പോൾ ഈ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കുന്നത് പതിവായി.
നിർണായകമായ ബില്ലുകളിൽ തീർപ്പുകല്പിക്കാതെ കാലതാമസം വരുത്തുന്നതിനെച്ചൊല്ലി മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരളം രണ്ട് ഹർജികളുമായി സുപ്രീംകോടതിയിലെത്തിയിരുന്നു. തർക്കം അധികാരയുദ്ധമായി പരിണമിച്ചപ്പോൾ ഭരണസ്തംഭനത്തിന്റെ ദുരവസ്ഥയിലേക്ക് പലയിടങ്ങളിലും വിഷയങ്ങൾ നീണ്ടു. ഈ സാഹചര്യത്തിൽ പുറത്തുവന്ന കോടതിവിധി തർക്കത്തിന്റെ വാതിൽ താത്കാലികമായി അടയ്ക്കും. അതുകൊണ്ടുതന്നെ, സംസ്ഥാന നിയമനിർമാണസഭകളുടെ അധികാരങ്ങളെ തടയാനായി ഗവർണർമാരുടെ പദവികൾ ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിക്കുന്ന രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണിതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗവർണർ ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനാണെന്നും രാഷ്ട്രീയ നേതാവല്ലെന്നുമുള്ള യാഥാർഥ്യത്തിനും ഈ വിധി അടിവരയിടുന്നുണ്ട്. ‘ഗവർണർപദവിയെ താഴ്ത്തിക്കെട്ടുന്നില്ല. എന്നാൽ, ഗവർണർമാർ പാർലമെന്ററി ജനാധിപത്യത്തിന്റെ രീതികളനുസരിച്ച് പ്രവർത്തിക്കണം. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളിലൂടെയും നിയമനിർമാണസഭകളിലൂടെയും പ്രകടിപ്പിക്കപ്പെടുന്ന ജനങ്ങളുടെ ആഗ്രഹത്തെ മാനിക്കണ’മെന്ന സുപ്രീംകോടതി നിരീക്ഷണത്തിൽ ഫെഡറലിസത്തിന്റെ വീണ്ടെടുപ്പുണ്ട്.
Content Highlights: Supreme Court`s landmark ruling safeguards federalism, curbing misuse of Governor`s powers