സാമൂഹിക പരിഷ്‌കരണത്തിന്റെ പേരിൽ മതസ്വാതന്ത്ര്യം ഹനിക്കാനാവില്ല – സുപ്രീംകോടതി

ന്യൂഡൽഹി: സാമൂഹിക പരിഷ്‌കരണത്തിന്റെ പേരിൽ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഹനിക്കാനോ അതിലേക്ക് കടന്നുകയറാനോ സാധിക്കില്ലെന്ന് സുപ്രീംകോടതി. ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കുന്ന ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് പരാമർശം നടത്തിയത്.
വിഗ്രഹാരാധനയ്ക്കുള്ള അവകാശം ഹിന്ദുമതത്തിലെ അവശ്യഭാഗമാണെന്നും അതിൽനിന്ന് പുറത്താക്കുന്നത് മതവിശ്വാസത്തിൽനിന്ന് പുറത്താക്കുന്നതിന് തുല്യമാണെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത പറഞ്ഞു. ഇതിനോട് പ്രതികരിച്ചാണ് സാമൂഹിക പരിഷ്‌കാരത്തിന്റെ പേരിൽ മതസ്വാതന്ത്ര്യം ലംഘിക്കാനാവില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞത്.
മതാചാരങ്ങൾ, മതനിരപേക്ഷ പ്രവർത്തനങ്ങൾ എന്നിവ ഭരണഘടനയിൽ തരംതിരിക്കുന്നില്ലെന്ന് ഗുപ്ത വാദിച്ചു. മതപരമായ അഭിപ്രായങ്ങളിൽ സാമൂഹികപരിഷ്‌കരണത്തിനായി സർക്കാരിന് അവകാശം നൽകുമ്പോൾത്തന്നെ മതപരമായ അവകാശങ്ങൾ ലംഘിക്കപ്പെടരുതെന്ന് ഭരണഘടന പറയുന്നു. മതവിഭാഗത്തെ മതവുമായി പൂർണമായി തുലനം ചെയ്യരുതെന്നും ഗുപ്ത വാദിച്ചു.
എല്ലാ വിഭാഗക്കാരുടെയും ക്ഷേത്രപ്രവേശനത്തിലേക്ക് നയിച്ച 1925-ലെ വൈക്കം സത്യഗ്രഹത്തെക്കുറിച്ച് മഹാരാഷ്ട്ര അന്ധവിശ്വാസ നിർമാർജന സമിതിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ ചൂണ്ടിക്കാട്ടി.
വൈക്കം സത്യഗ്രഹത്തിന്റെ 101-ാം വാർഷികത്തിലേക്കാണ് കടക്കുന്നത്. വൈക്കത്ത് ക്ഷേത്രത്തിലേക്ക് മാത്രമായിരുന്നില്ല പിന്നാക്ക ജാതി വിഭാഗക്കാർക്ക് വിലക്കുണ്ടായിരുന്നത്. ക്ഷേത്രത്തിന് പുറത്തെ വഴികളിലും സഞ്ചരിക്കാൻ സാധിച്ചിരുന്നില്ല. അതിനെതിരായ സത്യാഗ്രഹത്തെ മഹാത്മാഗാന്ധി പിന്തുണച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
മതങ്ങൾക്കുള്ളിലെ യഥാസ്ഥിതികത്വം ചോദ്യംചെയ്യപ്പെടാം. ദൈവം വിവേചനം കാണിക്കുന്നില്ലെന്നും മനുഷ്യനാണ് അത് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ഹിന്ദുമതത്തിന്റെ പരിഷ്‌കരണം വിഭാവനം ചെയ്യുന്നുവെന്ന് സ്വാമി അഗ്നിവേശിനായി ഹാജരായ മുതിർന്ന അഭിഭാഷക മേനകാ ഗുരുസ്വാമി വാദിച്ചു.
ഭരണഘടനയെ വ്യാഖ്യാനിക്കുമ്പോൾ ഭരണഘടനാപരമായ ധാർമികത ഒഴിവാക്കാനാവില്ലെന്ന് മുതിർന്ന അഭിഭാഷകൻ ഷദൻ ഫരാസത് വാദിച്ചു. പകുതി ഇന്ത്യക്കാരും മിശ്രവിവാഹത്തെ എതിർക്കുന്നതായുള്ള 2025-ലെ ഒരു സർവേ റിപ്പോർട്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം സർവേകൾതന്നെ പ്രശ്നമാണെന്നും അജൻഡയോടെ തയ്യാറാക്കുന്നതാകാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. എല്ലാവർക്കും ആരെ വിവാഹം ചെയ്യണമെന്ന് തീരുമാനിക്കാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് നാഗരത്ന, സർവേഫലം അതാരുടെയടുത്ത് നടത്തുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. ബുധനാഴ്ചയും വാദം തുടരും.
Content Highlights: Supreme Court asserts religious freedom cannot be infringed under the guise of social reform. Justice BV Nagarathna emphasizes the protection of religious rights within the constitutional framework. Discussion regarding the 1925 Vaikom Satyagraha and its relevance to modern social inclusion. Court critiques the validity of biased surveys regarding societal practices like inter-faith marriage.