'ഒരു ഗുരുദ്വാര അവിടെയുണ്ടെങ്കിൽ അങ്ങനെയിരിക്കട്ടെ'; വഖഫ് ബോർഡിന്റെ അവകാശവാദം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഗുരുദ്വാരയുടെ ഭൂമിക്ക് മേല്‍ അവകാശവാദം ഉന്നയിച്ച് ഡൽഹി വഖഫ് ബോർഡ് നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി. ഡൽഹി ശാഹ്ദര പ്രദേശത്തുള്ള ഭൂമിക്ക് മേലുള്ള ഡൽഹി വഖഫ് ബോർഡിന്റെ അവകാശവാദമാണ് കോടതി തള്ളിയത്. ഇന്ത്യ-പാക് വിഭജന കാലം മുതൽ അവിടെ ഗുരുദ്വാര നിലവിലുണ്ടെന്നും അത് വഖഫ് ഭൂമിയായി പരിഗണിക്കാൻ ആവില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.
നേരത്തേ അവിടെ പള്ളിയായിരുന്നു ഉണ്ടായിരുന്നതെന്ന് കീഴ്‌ക്കോടതികൾ വിധിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഏതോ ഒരു ഗുരുദ്വാരയാണെന്നും ഡൽഹി വഖഫ് ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഘോഷ് വാദിച്ചു. എന്നാൽ, 'ഏതോ ഒരു' അല്ല, പകരം ഇപ്പോഴും പ്രവർത്തിക്കുന്ന ഒരു ഗുരുദ്വാരയാണ് അവിടെയുള്ളതെന്ന് ബെഞ്ച് പറഞ്ഞു. ഒരു ഗുരുദ്വാര അവിടെയുണ്ടെങ്കിൽ അങ്ങനെയിരിക്കട്ടെ എന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
2010 സെപ്റ്റംബർ 24-ലെ ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഡൽഹി വഖഫ് ബോർഡ് 2012-ൽ ഫയൽ ചെയ്ത അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. 1953-ൽ മുഹമ്മദ് അഹ്‌സാനിൽനിന്ന് ഭൂമി വാങ്ങിയ പരേതനായ ഹീര സിങ്ങിന്റെ കൈവശമാണ് പ്രസ്തുത ഭൂമിയെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
1982 ഒക്ടോബറിലും പിന്നീട് 1989 ഫെബ്രുവരിയിലും ട്രയൽ കോടതി അനുകൂലമായി വിധിച്ച കണ്ടെത്തലുകളെ ഹൈക്കോടതി തകിടം മറിച്ചുവെന്ന് അഭിഭാഷകൻ വാദിച്ചു. ഈ ഭൂമി കാലങ്ങളായി വഖഫ് സ്വത്തായി സമർപ്പിക്കപ്പെട്ടതാണെന്നും അവിടെ ഒരു പള്ളി നിലനിന്നിരുന്നതായി കേസ്സിലെ സാക്ഷികൾ മൊഴി നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.
1970 ഡിസംബർ മൂന്നിന് ഗസറ്റിൽ വഖഫ് സ്വത്തായി ഈ ഭൂമി വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും പിന്നീട് 1978 ഏപ്രിൽ 29-ലെ മറ്റൊരു വിജ്ഞാപനം വഴി അത് തിരുത്തിയതായും ഇത് 1978 മെയ് 18-ന് ഡൽഹി ഗസറ്റിൽ പ്രസിദ്ധീകരിച്ചതായും വഖഫ് ബോർഡ് അവകാശപ്പെട്ടു. ഭൂമി വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ട ബോർഡ്, ഏത് തീയതി മുതലാണ് ഭൂമി മസ്ജിദായി ഉപയോഗിച്ചിരുന്നത് എന്നതിനെക്കുറിച്ചുള്ള രേഖകൾ നൽകിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു
Content Highlights: Supreme Court rejects Delhi Waqf board's claim on Gurdwara