തെരുവുനായ വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്; നാളെ പരിഗണിയ്ക്കും

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ നിന്ന് തെരുവുനായകളെ പൂര്‍ണമായും പരിപാലനകേന്ദ്രങ്ങളിലേക്ക് നീക്കുന്നതു സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉറപ്പുനല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച വിഷയം പരിഗണിയ്ക്കും. .
രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡല്‍ഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ) എന്നിവിടങ്ങളിലെയും ബന്ധപ്പെട്ട അധികൃതരോട് കോടതി ആവശ്യപ്പെട്ടു. തെരുവുനായകളെ പാര്‍പ്പിക്കാന്‍ എട്ടാഴ്ചയ്ക്കകം പരിപാലനകേന്ദ്രങ്ങള്‍ തുടങ്ങണം.തെരുവുനായകളെ നീക്കുന്നതിന് ആരെങ്കിലും തടസ്സംനിന്നാല്‍ കര്‍ശനനടപടിയെടുക്കുമെന്നും മുന്നറിയിപ്പുനല്‍കി.
ഡല്‍ഹിയില്‍ ജനനനിയന്ത്രണ കേന്ദ്രങ്ങള്‍ ഉള്ളതാണെന്നും അവ പ്രവര്‍ത്തനസജ്ജമാക്കിയാല്‍ മതിയെന്നും മൃഗസ്‌നേഹികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല. പേവിഷബാധയേറ്റ കുട്ടികള്‍ക്ക് ജീവിതം തിരിച്ചുനല്‍കാന്‍ ഈ മൃഗസ്‌നേഹികള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും സാധിക്കുമോ? കുറച്ചുപേര്‍ തങ്ങള്‍ മൃഗസ്‌നേഹികളാണെന്നോ മറ്റോ കരുതുന്നതിന്റെ പേരില്‍മാത്രം കുഞ്ഞുങ്ങളെ ബലികൊടുക്കാനാവില്ല. ഇനിയെങ്കിലും നടപടികളെടുക്കണമെന്നും ബെഞ്ച് പറഞ്ഞു. ഡല്‍ഹിയില്‍ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാര്‍ത്ത അടിസ്ഥാനമാക്കി ജൂലായ് 28-ന് സ്വമേധയാ എടുത്ത കേസിലായിരുന്നു ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
ഡല്‍ഹിയിലെ വിഷയമാണെങ്കിലും തെരുവുനായശല്യത്തിലെ സുപ്രീംകോടതി ഇടപെടല്‍ മറ്റിടങ്ങളിലും പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കുന്നതാണ്. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് ഉത്തരവെന്നും തങ്ങള്‍ക്കിതില്‍ താത്പര്യങ്ങളില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഉ്ത്തരവിനെതിരെ സമൂഹത്തിലെ വിവിധവിഭാഗങ്ങളില്‍ നിന്ന് പ്രതികൂല പ്രതികരണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിഷയം പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയത്.
Content Highlights: The Supreme Court will reconsider its order on relocating stray dogs to shelters in Delhi-NCR