‘തിരഞ്ഞെടുപ്പ് കമ്മിഷന് ഫോം 6, 7, 8 എന്നിവയിൽ മാറ്റംവരുത്താനാകില്ല’; വിമർശിച്ച് സുപ്രീം കോടതി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ന്യൂഡൽഹി: ഡൽഹിയിലെ വോട്ടർമാരുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (എസ്.ഐ.ആർ.) ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ, തിരഞ്ഞെടുപ്പ് കമ്മിഷന് ഫോം 6, 7, 8 എന്നിവവയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഇതിനകം വോട്ടർ പട്ടികയിൽ പേരുള്ളവരോട് വീണ്ടും പേര് ചേർക്കുന്നതിനായി ഫോം 6 പൂരിപ്പിക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഫോം 6, 7, 8 എന്നി നിശ്ചിത മാതൃകയിലുള്ളതാണെന്നും അവയിൽ മാറ്റംവരുത്താൻ കഴിയില്ലെന്നും വ്യക്തമാക്കിയത്.

ഡൽഹിയിലെ എസ്.ഐ.ആർ. രീതിയെയും കരട് പട്ടികയിൽനിന്ന് ഏകദേശം 43 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയ നടപടിയെയും സുപ്രീംകോടതി ചോദ്യംചെയ്തു. ഒഴിവാക്കപ്പെട്ടവരിൽ ചിലരോട് വീണ്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോം 6 സമർപ്പിക്കാൻ ആവശ്യപ്പെട്ടതിനെ കോടതി രൂക്ഷമായി വിമർശിച്ചു. നേരത്തെതന്നെ വോട്ടർ പട്ടികയിൽ ഉണ്ടാവുകയും എന്നാൽ രജിസ്റ്റർചെയ്ത വിലാസത്തിൽനിന്ന് താത്കാലികമായി മാറിനിൽക്കുകയും ചെയ്തതുമൂലം 'മാറിപ്പോയവർ അല്ലെങ്കിൽ ലഭ്യമല്ലാത്തവർ' എന്ന വിഭാഗത്തിൽപെടുത്തി കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാരോട്, പുതിയതായി പേര് ചേർക്കുന്നവർക്കുള്ള ഫോം 6 സമർപ്പിക്കാൻ പറയുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

താത്കാലികമായി മാറിത്താമസിക്കുകയും നോട്ടീസുകൾക്ക് മറുപടി നൽകാൻ സാധിക്കാതെ വരികയും ചെയ്ത വോട്ടർമാരെ എന്തിനാണ് പുതിയ വോട്ടർമാരെപ്പോലെ പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരം താത്കാലികമായ മാറ്റിപ്പാർക്കൽ 'സ്ഥലം മാറ്റമായി' കരുതാൻ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി, ഈ പ്രക്രിയയിലെ വൈരുദ്ധ്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഹരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി.

ഫോം 6, 7, 8 എന്നിവ മാറ്റമില്ലാതെ നിശ്ചയിക്കപ്പെട്ടവയാണെന്നും അവയിൽ യാതൊരു മാറ്റവും വരുത്താൻ സാധിക്കില്ലെന്നും ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി നിലവിലുള്ള നിയമപരമായ ഫോമുകളിൽ മാറ്റംവരുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താത്കാലികമായി മാറിത്താമസിച്ചതിനെത്തുടർന്ന് കരട് പട്ടികയിൽ ഉൾപ്പെടാതെ പോയ വോട്ടർമാർക്ക്, അവരുടെ എന്യൂമറേഷൻ ഫോമുകൾക്കൊപ്പം ആവശ്യമായ രേഖകളും നോട്ടീസിന് മറുപടി നൽകാൻ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കുന്ന സത്യവാങ്മൂലവും സമർപ്പിക്കാനുള്ള അവസരം നൽകണമെന്ന് കോടതി നിർദേശിച്ചു.

ഏകദേശം 43 ലക്ഷം വോട്ടർമാരെ 'മാറിപ്പോയവർ’ അല്ലെങ്കിൽ ‘ലഭ്യമല്ലാത്തവർ’ ആയി കണക്കാക്കി കരട് പട്ടികയിൽനിന്ന് ഒഴിവാക്കിയതിൽ സുപ്രീംകോടതി അദ്ഭുതം രേഖപ്പെടുത്തി. നിലവിൽ വോട്ടർ പട്ടികയുടെ ഭാഗമായിരുന്ന വലിയൊരു വിഭാഗം ആളുകളെ, പുതിയതായി പേര് ചേർക്കുന്ന പ്രക്രിയയ്ക്ക് വിധേയമാക്കേണ്ട കാര്യമെന്താണെന്ന് ബെഞ്ച് ചോദിച്ചു.

എന്നാൽ, അബദ്ധത്തിൽ പേര് വെട്ടിയ യോഗ്യരായ വോട്ടർമാരെ തിരികെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പോളിങ് സ്റ്റേഷൻ തലങ്ങളിൽ വാരാന്ത്യങ്ങളിൽ വ്യാപകമായ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു. ഇതിനൊപ്പം യുവ വോട്ടർമാരുടെയും പുതിയ വോട്ടർമാരുടെയും അപേക്ഷകൾ ഫോം 6 വഴി പരിശോധിച്ചു വരികയാണെന്നും കമ്മിഷൻ വ്യക്തമാക്കി. എന്നാൽ, താത്കാലികമായി മാറിത്താമസിച്ച വോട്ടർമാർക്കായി കൂടുതൽ ലളിതമായ സംവിധാനം നടപ്പിലാക്കണമെന്ന് കോടതി കമ്മിഷനോട് ആവശ്യപ്പെട്ടു.

പരാതികളും ആക്ഷേപങ്ങളും അപേക്ഷകളും നൽകുന്നതിന് ഒക്ടോബർ 30 വരെ സമയം നിശ്ചയിച്ചതിലെ ധൃതിയെയും ചീഫ് ജസ്റ്റിസ് ചോദ്യംചെയ്തു. ഡൽഹിയിൽ ഉടൻ തിരഞ്ഞെടുപ്പുകളൊന്നും നടക്കാനിരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ചീഫ് ജസ്റ്റിസ്, വീണ്ടും പേര് ചേർക്കാൻ ആഗ്രഹിക്കുന്ന വോട്ടർമാർക്കായി പെട്ടെന്നൊരു അവസാനതീയതി നിശ്ചയിക്കരുതെന്നും കാര്യങ്ങൾ ധൃതിപിടിച്ച് ചെയ്യരുതെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിച്ചു. ഒക്ടോബർ 30 എന്ന അവസാന തീയതി നീട്ടുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

Content Highlights: The Supreme Court questioned the Election Commission regarding the Delhi voter revision process, specifically asking why voters removed from the draft list are required to submit Form 6 and advising an extension of the deadline.