പ്രക്ഷോഭം ഉണ്ടായതുകൊണ്ടുമാത്രം ലാത്തിച്ചാർജ് നടത്താനാവില്ല; ഡൽഹി പോലീസ് അതിക്രമത്തിൽ സുപ്രീംകോടതി

#ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ മുദ്രാവാക്യം വിളിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രവർത്തകരെ സൻസദ് മാർഗിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നു. ജൂലായ് 20-ലെ ചിത്രം. | Photo: Salman Ali/ PTI Photo
പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ മുദ്രാവാക്യം വിളിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രവർത്തകരെ സൻസദ് മാർഗിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നു. ജൂലായ് 20-ലെ ചിത്രം. | Photo: Salman Ali/ PTI Photo

ന്യൂഡൽഹി: സമാധാനപരമായ പ്രതിഷേധം നടത്താൻ എല്ലാവർക്കും ഭരണഘടനപരമായ അവകാശം ഉണ്ടെന്ന് സുപ്രീംകോടതി. പ്രക്ഷോഭം ഉണ്ടായി എന്നതുകൊണ്ടുമാത്രം ലാത്തിച്ചാർജ് നടത്താനാവില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സമാധാനപരമായി സമരം നേരിടുന്നതിന് പ്രോട്ടോകോൾ തയ്യാറാക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ജൂലായ് 20-ന് പാർലമെന്റിലേക്ക് പ്രതിഷേധിച്ച വിദ്യാർഥികൾ നടത്തിയ 'സൻസദ് ചലോ' മാർച്ചിനുനേരെ കണ്ണീർവാതകവും ലാത്തിയും പ്രയോഗിച്ച സംഭവങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക നിരീക്ഷണം. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം പൂർണമായും ഉറപ്പുനൽകപ്പെട്ടതാണ്. അത് നിഷേധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ജൂലായ് 20-ന് നടന്ന സംഭവങ്ങളിൽ പരിക്കേറ്റ പൊലീസുകാരുടെ കുടുംബങ്ങളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ വാദം കേൾക്കണമെന്ന് പോലീസുകാരുടെ കുടുംബാംഗങ്ങളുടെ ആവശ്യം.

പ്രതിഷേധക്കാർക്ക് മാത്രമല്ല, പൊലീസുകാർക്കും പരിക്കേൽക്കുന്നതും ആശങ്കപ്പെടുത്തുന്ന വിഷയമാണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ്മാല ബാഗ്ചി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ല എന്നതിനെക്കുറിച്ച് വിശദീകരണം നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.

ഇതിനിടെ, എല്ലാ ഹർജികളും നാളെ ഒരുമിച്ച് കേൾക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് എല്ലാ ഹർജികളും നാളെ കേൾക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.