'സർക്കാർ വാക്ക് പാലിക്കണം, അല്ലെങ്കിൽ തെരുവുകൾ വീണ്ടും കത്തും'; എഫ്‌ഐആറുകൾ പിൻവലിക്കാത്തതിൽ സിജെപി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർഥികൾക്കെതിരെയുള്ള എഫ്‌ഐആറുകൾ പിൻവലിക്കുമെന്ന വാഗ്ദാനം കേന്ദ്ര സർക്കാർ ലംഘിച്ചുവെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. സമാധാനപരമായ രീതിയിൽ പ്രതിഷേധിച്ചവർക്കെതിരെ നടപടിയെടുക്കില്ലെന്ന ഉറപ്പിന്മേലാണ് സമരം പിൻവലിച്ചതെന്നും എന്നാൽ സർക്കാർ ഇപ്പോൾ തങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും സിജെപി വക്താക്കൾ കുറ്റപ്പെടുത്തി. ഈ കരാർ ലംഘനം തുടരുകയാണെങ്കിൽ ഇന്ത്യയിലെ തെരുവുകൾ വീണ്ടും യുവജനങ്ങളുടെ പ്രതിഷേധത്താൽ നിറയുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി.
സുപ്രീം കോടതിയുടെ പുതിയ നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാർ ഇപ്പോൾ ആശങ്ക പ്രകടിപ്പിക്കുന്നത്. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ അടിച്ചമർത്തൽ നടപടികൾ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടെങ്കിലും, നിലവിലുള്ള എഫ്‌ഐആറുകളിൽ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെ വിട്ടയക്കാൻ നിർദ്ദേശമുണ്ടെങ്കിലും ഈ ഉത്തരവ് സർക്കാർ സമരക്കാരെ വേട്ടയാടാൻ ആയുധമാക്കുമെന്നും വ്യക്തികളെ ദ്രോഹിക്കാൻ ഉപയോഗിക്കുമെന്നും സിജെപി വക്താവ് സൗരവ് ദാസ് ആശങ്ക പ്രകടിപ്പിച്ചു.
ജൂലായ് 25-ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ നീക്കമെന്ന് സൗരവ് ദാസ് എക്സിൽ കുറിച്ചു. പ്രതിഷേധക്കാർക്കെതിരെ നേരിട്ടോ അല്ലാതെയോ യാതൊരു നടപടിയും ഉണ്ടാകില്ലെന്നും കേസുകൾ പിൻവലിക്കുമെന്നും സർക്കാർ അന്ന് പരസ്യമായി ഉറപ്പുനൽകിയിരുന്നു. ഈ വിശ്വാസത്തിന്മേലാണ് രാജ്യം മുഴുവൻ നടന്ന സമരം തങ്ങൾ നിർത്തിവെച്ചത്. എന്നാൽ കോടതി ഉത്തരവിന്റെ മറവിൽ രഹസ്യമായി ഈ ഉറപ്പുകൾ ലംഘിക്കാനാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രവും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ജൂൺ 20-ന് ജന്തർ മന്തറിൽ ആരംഭിച്ച പ്രതിഷേധം വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടായിരുന്നു. ജൂലായ് 20-ന് നടത്തിയ പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പോലീസ് ക്രൂരമായ ലാത്തിച്ചാർജും കണ്ണീർവാതകവും പെല്ലറ്റ് ഗണ്ണുകളും പ്രയോഗിച്ചിരുന്നു. രണ്ട് റൗണ്ട് ചർച്ചകൾക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ച ധർമേന്ദ്ര പ്രധാൻ സ്ഥാനം രാജിവെച്ചതോടെയാണ് സമരം താത്കാലികമായി അവസാനിപ്പിച്ചത്. നീറ്റ് പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന ഉറപ്പും അന്ന് സർക്കാർ നൽകിയിരുന്നു.
സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാനുള്ള സമയം ഇന്ന് അവസാനിക്കുകയാണെന്നും ഉടൻ നടപടിയുണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി. നൂറുകണക്കിന് പ്രതിഷേധക്കാരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കരാർ പൂർണ്ണമായും ലംഘിക്കപ്പെട്ടുവെന്നും സിജെപി വക്താവ് അശുതോഷ് രങ്ക പറഞ്ഞു. എഫ്‌ഐആറുകൾ ഉടനടി പിൻവലിക്കുകയും അറസ്റ്റിലായ വിദ്യാർഥികളെ മോചിപ്പിക്കുകയും ചെയ്തില്ലെങ്കിൽ വീണ്ടും സമരമിരിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlights: Supreme Court allows FIR investigations against 2026 paper leak protesters. CJP threatens to resume nationwide protests.