യോഗയ്ക്കുവേണ്ടി ചെയ്തതൊക്കെ നല്ലതുതന്നെ, പക്ഷെ പതഞ്ജലി വിഷയം വേറെ; രാംദേവിനെ വിടാതെ സുപ്രീംകോടതി

ബാബാ രാംദേവ്, സുപ്രീം കോടതി | Photo: PTI
ബാബാ രാംദേവ്, സുപ്രീം കോടതി | Photo: PTI

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട് പതഞ്ജലി ആയുര്‍വേദയ്ക്കെതിരായ കേസ് വിധിപറയാന്‍ മാറ്റി സുപ്രീംകോടതി. ജസ്റ്റിസുമാരായ ഹിമ കോലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത് മാറ്റിവച്ചത്. കൂടാതെ, ബാബാ രാംദേവും പതഞ്ജലിയുടെ എം.ഡി. ആചാര്യ ബാലകൃഷ്ണയും കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. 

നിരോധിത ഉത്പ്പന്നങ്ങളുടെ പരസ്യങ്ങൾ നിർത്തിവയ്ക്കാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പതഞ്ജലിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ ഉത്പ്പന്നങ്ങളുടെ വിൽപ്പന സ്ഥാപനം നിർത്തിവച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

യോ​ഗാചാര്യൻ കൂടിയായ ബാബാ രാംദേവ് തന്റെ സ്വാധീനം ശരിയായ രീതിയിൽ ഉപയോ​ഗപ്പെടുത്തണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കാര്യങ്ങൾ തിരിച്ചറിയുന്നതിൽ പൊതുജനം ബോധവാന്മാരാണ്. യോ​ഗയ്ക്കുവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ നല്ലതാണ്. അതേസമയം,  പതഞ്ജലി ആയുര്‍വേദയുമായി ബന്ധപ്പെട്ടത് മറ്റൊരു വിഷയമാണെന്നും കോടതി വ്യക്തമാക്കി. 

രോഗശമനശേഷി അവകാശപ്പെട്ടോ മറ്റു ചികിത്സാരീതികളെ കുറ്റപ്പെടുത്തിയോ പരസ്യം നൽകില്ലെന്ന് നവംബർ 21-ന് പതഞ്ജലി സുപ്രീംകോടതിക്ക് ഉറപ്പുനൽകിയിരുന്നു. ഇതു പാലിച്ചില്ലെന്നുകാട്ടി ഐ.എം.എ.സമർപ്പിച്ച  കോടതിയലക്ഷ്യ ഹർജിയ്ക്കുപിന്നാലെ പതഞ്ജലി മേധാവികൾക്കെതിരേ കോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. 

നേരത്തെ, പരസ്യങ്ങൾ നൽകിയതിന് മാപ്പപേക്ഷിച്ചുകൊണ്ട് പതഞ്ജലി നൽകിയ സത്യവാങ്മൂലം സുപ്രീംകോടതി സ്വീകരിച്ചിരുന്നില്ല. തീർത്തും ധിക്കാരപരമാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി അന്ന് ഇരുവരോടും നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. 

Content Highlights: Supreme Court on Baba Ramdev in Patanjali Case