ഗ്യാൻവാപി, മഥുര, സംബാൽ ആരാധനാലയ തർക്കം: മധ്യസ്ഥ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഹിന്ദു മുസ്ലിം കക്ഷികൾ

#ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
ഫോട്ടോ: സാബു സ്കറിയ
ഫോട്ടോ: സാബു സ്കറിയ

ന്യൂഡൽഹി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ശ്രീ കൃഷ്ണ ജന്മഭൂമി ഷാഹി ഈദ്ഗാഹ്, സംബാലിലെ ഷാഹി ജമാ മസ്ജിദ് തർക്കം എന്നിവ മധ്യസ്ഥ ചർച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീം കോടതി നീക്കം. ഓഗസ്റ്റ് 21 മുതൽ 23 നടക്കുന്ന ലോക് അദാലത്തിൽ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ആയിരുന്നു സുപ്രീം കോടതി നീക്കം. എന്നാൽ, ലോക് അദാലത്തിൽ പങ്കെടുക്കില്ലെന്ന് ഹിന്ദു, മുസ്ലിം കക്ഷികൾ അറിയിച്ചു.

പ്രധാനപ്പെട്ട ഈ മൂന്ന് ആരാധനാലയങ്ങളുമായി ബന്ധപെട്ട തർക്കങ്ങളിൽ ഹിന്ദു, മുസ്ലിം കക്ഷികൾ നൽകിയ ഹർജികൾ സുപ്രീം കോടതി ഉൾപ്പടെ വിവിധ കോടതികളുടെ പരിഗണനയിലാണ്. ഈ തർക്കങ്ങളിലാണ് കോടതിക്ക് പുറത്ത് ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിന് സുപ്രീം കോടതി നീക്കംനടത്തിയത്. രാജ്യവ്യാപകമായി ഓഗസ്റ്റ് 21 മുതൽ 23 വരെ നടക്കുന്ന സ്‌പെഷ്യൽ ലോക് അദാലത്തിൽ ഈ തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ആയിരുന്നു സുപ്രീം കോടതിയുടെ നീക്കം.

ലോക് അദാലത്തിൽ ഹാജരാകാൻ ഹിന്ദു, മുസ്ലിം കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ലോക് അദാലത്തിൽ പങ്കെടുക്കില്ലെന്ന് കക്ഷികൾ അറിയിച്ചു. കേസിൽ വാദം കേട്ട് മെറിറ്റിൽ സുപ്രീം കോടതി തീരുമാനമെടുക്കണം എന്നാണ് ഹിന്ദു മുസ്ലിം കക്ഷികളുടെ ആവശ്യം. മുമ്പും ഈ വിഷയങ്ങളിൽ ചർച്ചകളിലൂടെ പരിഹാരം കാണാനുള്ള നീക്കം പൊളിഞ്ഞിരുന്നു.

Content Highlights: Supreme Court attempted to resolve religious site disputes via Lok Adalat (August 21-23)., Both Hindu and Muslim parties declined mediation, preferring court adjudication., The dispute covers Gyanvapi, Mathura, and Sambhal sites., Previous attempts at out-of-court settlements for these cases have also failed.