വിദ്യാർഥി സമരങ്ങളോട് സംയമനം പാലിക്കണം, എന്തുകൊണ്ട് പ്രതിഷേധമെന്ന് മനസ്സിലാക്കണം: സുപ്രീം കോടതി

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
സുപ്രീം കോടതി | Photo: PTI
സുപ്രീം കോടതി | Photo: PTI

ന്യൂഡൽഹി: വിദ്യാർഥികളുടെ പ്രതിഷേധ സമരങ്ങൾ നേരിടുമ്പോൾ സർക്കാരുകളും സുരക്ഷാ സേനകളും പരമാവധി സംയമനം പാലിക്കണമെന്ന് സുപ്രീം കോടതി. അക്രമം തടയാൻ അക്രമപരമായ നടപടികൾ സ്വീകരിക്കുന്നത് സാഹചര്യം കൂടുതൽ വഷളാക്കാനേ ഇടയാക്കൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഡൽഹിയിലും, മറ്റ് ചില സംസ്ഥാനങ്ങളിലും വിദ്യാർഥി സമരങ്ങൾക്കിടെ നടന്ന അക്രമ സംഭവങ്ങളിൽ കോക്രോച്ച് ജനത പാർട്ടിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ജനാധിപത്യ വ്യവസ്ഥയിൽ സമാധാനപരമായ മാർച്ചുകൾ നടക്കുമ്പോൾ സുരക്ഷാസേനകളും സംയമനം പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

യുവാക്കൾ അക്രമത്തിലേക്ക് വഴുതിപ്പോകാതിരിക്കാനുള്ള സാഹചര്യം ഉറപ്പാക്കാൻ അധികാരികൾ അതീവ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപെട്ടു. അക്രമത്തിന് അക്രമം മറുപടിയാകുന്നത് സ്ഥിതി കൂടുതൽ വഷളാക്കും. ഏറ്റവും നല്ല മാർഗം അവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയും അവർ എന്തുകൊണ്ടാണ് പ്രതിഷേധിക്കുന്നത് എന്നത് മനസ്സിലാക്കുന്നതുമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ക്രമസമാധാന പാലന ഏജൻസികളുടെ വിവേകത്തിലും നടപടികളിലും കോടതി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. അക്രമ സംഭവങ്ങൾ ഉണ്ടാകുമ്പോൾ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യം ക്രമസമാധാന പരിപാലന ഏജൻസികളുടെ വിവേകത്തിന് വിട്ടുകൊടുക്കാം. സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്കാണ് നന്നായി അറിയുകയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Content Highlights: Supreme Court advises authorities to handle student protests with restraint, warning against violent responses.