‘ഫോൺ ചുവരിലേക്കെറിഞ്ഞാൽ തീരുന്ന പ്രശ്നം’; ഡിജിറ്റൽ അറസ്റ്റിൽ ബാങ്ക് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് സുപ്രീം കോടതി

#ന്യൂസ് ഡെസ്ക്
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് | Photo: ANI
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് | Photo: ANI

ന്യൂഡൽഹി: രാജ്യത്ത് ഒരാളെ മൊബൈൽ ഫോൺ കോളിലൂടെ അറസ്റ്റ് ചെയ്യാനാവുമെന്നത് എങ്ങനെ വിശ്വസിക്കാനാവുന്നെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. രാജ്യത്തെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ സംബന്ധിച്ച കേസ് കോടതി സ്വമേധയാ എടുത്ത് പരിഗണിക്കവേയായിരുന്നു ഈ ചോദ്യം. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവർകൂടി ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബോധവത്കരണ പരിപാടികളും മാധ്യമവാർത്തകളും കോടതി ഇടപെടലുകളുമുണ്ടായിട്ടും വിദ്യാസമ്പന്നരായ ആളുകൾ ഉൾപ്പെടെ ഇത്തരം തട്ടിപ്പുകളിൽ വീഴുന്നതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

'നമ്മൾ അമ്പരന്നുപോവുകയാണ്. ആളുകൾക്ക് എന്തുകൊണ്ടാണ് ഇത് മനസ്സിലാകാത്തത്? ഇരകളുടെ പ്രശ്‌നമെന്താണ്? അവർ സാധാരണ ബുദ്ധിയുള്ള മനുഷ്യരല്ലേ? ഇക്കാര്യം എല്ലായ്‌പോഴും മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനാധിപത്യ രാജ്യത്ത് മൊബൈൽ ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുകയാണെന്ന് ഒരാൾക്ക് എങ്ങനെ വിശ്വസിക്കാനാകും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ മതി, അറസ്റ്റ് എന്ന ഭീഷണി ഇല്ലാതാകും', ചീഫ് ജസ്റ്റിസ് പറഞ്ഞു.

മുതിർന്ന അഭിഭാഷകയും കേസിൽ കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറിയുമായ എൻ.എസ്. നപ്പിനൈയും കേന്ദ്രസർക്കാരിനെ പ്രതിനിധാനം ചെയ്ത് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയും കോടതിയിൽ ഹാജരായി. തട്ടിപ്പുകൾ തടയുന്നതിനായി വിവിധ നടപടികൾ സ്വീകരിച്ചിട്ടും ഇത്തരം കേസുകൾ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് എൻ.എസ്. നപ്പിനൈ കോടതിയെ അറിയിച്ചു. മാർച്ച് 30-ന് കേന്ദ്രം തൽസ്ഥിത റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്ക് കുറവുണ്ടായിട്ടില്ല. അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയം ഇരകളെ കടുത്ത മാനസിക സമ്മർദത്തിലാക്കുന്നതുമൂലം അവർ തട്ടിപ്പുകാർ പറയുന്നതെല്ലാം അനുസരിക്കുന്ന സാഹചര്യമാണുണ്ടാവുന്നത്. ചില മനഃശാസ്ത്ര വിദഗ്ധർ ഈ അവസ്ഥയെ ഹിപ്‌നോസിസിന് സമാനമായ മാനസികാവസ്ഥയായാണ് വിശേഷിപ്പിക്കുന്നതെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും കോടതി കടുത്ത ചോദ്യങ്ങളുന്നയിച്ചു. അക്കൗണ്ട് ഉടമയുടെ പതിവ് ഇടപാടുകളിൽനിന്ന് വ്യത്യസ്തമായ ഇടപാടുകൾ കണ്ടെത്തിയാൽ അവ താത്കാലികമായി തടഞ്ഞുവച്ച് പരിശോധന നടത്താനുള്ള സംവിധാനം എന്തുകൊണ്ട് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല? സംശയകരമായ ഇടപാടുകൾ നടന്നാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് സ്വമേധയാ അറിയിപ്പ് നൽകാനും ഇടപാടിന്റെ യാഥാർഥ്യം നേരിട്ട് പരിശോധിക്കാനും കഴിയുന്ന സംവിധാനം വേണമെന്നും കോടതി നിർദേശിച്ചു.

ബാങ്കുകളോ ധനകാര്യസ്ഥാപനങ്ങളോ ആവശ്യമായ ജാഗ്രത പാലിക്കാത്തതിനെത്തുടർന്നാണ് തട്ടിപ്പ് സംഭവിക്കുന്നതെന്ന് കണ്ടെത്തിയാൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ അവരെ നിർബന്ധിക്കുന്നതും നിയമനടപടികൾ സ്വീകരിക്കുന്നതും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. 'ഇത്തരം തട്ടിപ്പുകളിൽ ബാങ്ക് ഇരയ്ക്ക് നഷ്ടപരിഹാരം നൽകുകയും നിയമനടപടി നേരിടുകയും വേണമെന്ന നിർദേശം പുറപ്പെടുവിക്കാനാണ് ഞങ്ങൾ ആലോചിക്കുന്നത്. ഇത് നടപ്പാക്കണം', ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്നാൽ, ബാങ്കുകളുടെ ബാധ്യത സംബന്ധിച്ച കാര്യങ്ങൾ കോടതി ഉത്തരവിലൂടെ നിശ്ചയിക്കുന്നതിനോട് അറ്റോർണി ജനറൽ വിയോജിച്ചു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നിയന്ത്രണ ഏജൻസിയായ ആർ.ബി.ഐ.യാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ധനകാര്യസ്ഥാപനങ്ങൾക്ക് കർശനമായ ഉത്തരവാദിത്വമേർപ്പെടുത്താൻ കഴിയുമെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. ബാങ്കുകളുടെ ഉത്തരവാദിത്വവും ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തി ഉചിതമായ മാർഗനിർദേശങ്ങൾ ആർ.ബി.ഐ. തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Content Highlights: Supreme Court questioned the rise of digital arrest cyber frauds despite widespread awareness., Court warned banks to compensate victims and face prosecution for lacking due diligence.