അറസ്റ്റല്ല, കസ്റ്റഡിയിലെടുത്ത 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം, നിർണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയ പരിധി അറസ്റ്റ് രേഖപ്പെടുത്തിയത് മുതലല്ലെന്നും മറിച്ച് കസ്റ്റഡിയിലെടുത്ത സമയംതൊട്ടാണെന്നും സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ് ചന്ദൂർകർ എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത് മുതലാണ് 24 മണിക്കൂർ സമയപരിധി ആരംഭിക്കുന്നതെന്ന നിലപാട് ഭരണഘടനയുടെ ആർട്ടിക്കിൾ 22(2)നും ബിഎൻഎസ്എസിലെ 56-ാം വകുപ്പിനും എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പുള്ള അന്വേഷണത്തിനോ മറ്റു നടപടികൾക്കോ എടുക്കുന്ന സമയം ഭരണഘടനാപ്രകാരം ഇളവ് നൽകുന്നില്ല. അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് മജിസ്ട്രേറ്റിന്റെ കോടതിയിലേക്കുള്ള യാത്രാസമയം മാത്രമാണ് ഭരണഘടന നൽകുന്ന ഒരേയൊരു ഇളവെന്നും കോടതി വ്യക്തമാക്കി.
ചെറിയൊരു കാലയളവിലേക്കുള്ള കസ്റ്റഡി അറസ്റ്റ് അല്ലെന്ന നിലപാടിനോട് കോടതി വിയോജിച്ചു. മൗലികാവകാശത്തിന് താൽക്കാലിക സസ്പെൻഷൻ സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത തീയതിയും സമയവും മജിസ്ട്രേറ്റുമാർ രേഖപ്പെടുത്തണമെന്നും, അത്തരം കസ്റ്റഡി സമയം മുതൽ 24 മണിക്കൂർ എന്ന പരിധി പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.
കസ്റ്റഡിയിൽ എടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും തമ്മിൽ കൃത്രിമമായ ഒരു വേർതിരിവ് ഉണ്ടാക്കാനുള്ള ഏത് ശ്രമവും ഭരണഘടനാപരമായി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.
വിവിധ കേസുകളിൽ ഒഡീഷ, കേരള, മദ്രാസ് ഹൈക്കോടതികൾ എടുത്ത നിലപാടുകളെ കോടതി വിയോജിപ്പോടെ തള്ളിക്കളഞ്ഞു. കസ്റ്റഡി കാലയളവ് ഭരണഘടനയുടെ 22-ാം അനുച്ഛേദപ്രകാരമുള്ള 24 മണിക്കൂർ പരിധിയിൽ നിന്ന് ഒഴിവാക്കാവുന്നതാണെന്നാണ് ഈ കോടതികൾ വിധിച്ചിരുന്നത്. ഭരണഘടനയുടെ 22(2)ാം അനുച്ഛേദപ്രകാരം ഈ വിധികളൊന്നും ശരിയായ നിയമമല്ലെന്ന് കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ 22(2)ാം അനുച്ഛേദപ്രകാരം പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ട 24 മണിക്കൂർ സമയപരിധി ആരംഭിക്കുന്നത്, പോലീസ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, മറിച്ച് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന നിമിഷം മുതലാണെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതിയുടെ ഒരു കേസിലെ നിലപാടിനെ കോടതി അംഗീകരിക്കുകയും ചെയ്തു.
അറസ്റ്റ് എന്നതും തടങ്കലിൽ വെക്കുന്നുവെന്നതും ഒരു അർത്ഥമാണ് ഭരണഘടനയിലുള്ളത്. അതിന് കൃത്രിമമായ വ്യത്യാസം നൽകേണ്ടതില്ല. അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. ചെറിയ അന്വേഷണ കാലയളവാണ് കസ്റ്റഡിയെന്ന് പറയുന്നതെങ്കിൽ അതിന്റെ സമയപരിധി ആരാണ് നിർണ്ണയിക്കുന്നതെന്ന ചോദ്യവും കോടതി ഉയർത്തി.
എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള കേസിൽ ജാമ്യം നിഷേധിച്ച ത്രിപുര ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് നാലുപേർ സമർപ്പിച്ച അപ്പീലുകളിൽ തീർപ്പുകൽപ്പിക്കുകയായിരുന്നു കോടതി. 2025 സെപ്റ്റംബർ 29-ന് ഉച്ചയ്ക്ക് 2 മണിക്കാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ 2025 സെപ്റ്റംബർ 30-ന് രാവിലെ 11 മണിക്ക് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 29 ഉച്ചയ്ക്ക് 2 മണി മുതൽ 24 മണിക്കൂറിനുള്ളിൽ അവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. യാതൊരു ജുഡീഷ്യൽ മേൽനോട്ടവുമില്ലാതെ അവരെ ഏകദേശം 18 മണിക്കൂർ തടങ്കലിൽ വെച്ചതായി കോടതി നിരീക്ഷിച്ചു. ഇത് ആർട്ടിക്കിൾ 22(2)ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച കോടതി, അവരെ ഉടൻ വിട്ടയക്കാൻ ഉത്തരവിട്ടു. കസ്റ്റഡി പീഡനങ്ങൾ ഇല്ലാതാക്കാൻ ജുഡീഷ്യൽ മേൽനോട്ടം ആവശ്യമാണെന്നും കോടതി പറഞ്ഞു.
Content Highlights: The 24-hour time limit to produce an accused before a magistrate begins from the moment of initial custody, not official arrest., Artificial distinction between custody and arrest is unconstitutional., Magistrates must record the exact date and time of custody to ensure compliance., Fundamental rights cannot be temporarily suspended for preliminary investigations.