ലോക്സഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് തന്ത്രംമെനയാൻ കനുഗോലുവില്ല; നിയമസഭ തിരഞ്ഞെടുപ്പിൽ ശ്രദ്ധയൂന്നും

ന്യൂഡല്‍ഹി: കര്‍ണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയത്തിന് ചുക്കാന്‍ പിടിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍നിന്ന് പിന്മാറി. എ.ഐ.സി.സിയുടെ ദേശീയ തിരഞ്ഞെടുപ്പ് ദൗത്യസംഘാംഗമായ കനുഗോലു വരുന്ന തിരഞ്ഞെടുപ്പില്‍ ഹരിയാണ, മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ മാത്രമായിരിക്കും പാര്‍ട്ടിക്കുവേണ്ടി തന്ത്രങ്ങള്‍ മെനയുകയെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
സുനില്‍ കനുഗോലുവിന്റെ പിന്മാറ്റം ചെറിയ തിരിച്ചടിയാണെങ്കിലും ബി.ജെ.പി. ഭരണമുള്ള നിര്‍ണായക സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സേവനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയുണ്ടെന്ന് ഒരു എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി തങ്ങളോട് പ്രതികരിച്ചതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ ക്യാബിനറ്റ് റാങ്കില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനാണ് കനുഗോലു. ഈ സ്ഥാനത്ത് അദ്ദേഹം തുടരുമെന്നാണ് വിവരം. തെലങ്കാന സര്‍ക്കാരുമായുള്ള സഹകരണവും അദ്ദേഹം തുടര്‍ന്നേക്കും.
ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും രാജസ്ഥാനിലും കനുഗോലുവിനെ തന്ത്രങ്ങള്‍ മെനയാന്‍ നിയോഗിച്ചിരുന്നെങ്കിലും കമല്‍നാഥും അശോക് ഗഹലോത്തുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് കാര്യമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഈ രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍, കര്‍ണാടകയിലും തെലങ്കാനയിലും പൂര്‍ണസ്വാതന്ത്ര്യം നല്കിയപ്പോള്, പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ് ഭരണത്തിലേക്ക് എത്തുകയായിരുന്നു. നേരത്തെ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറുമായും കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും സഹകരണത്തില്‍ തീരുമാനാകാതെ പിരിയുകയായിരുന്നു.
Content Highlights: Congress Removes Sunil Kanugolu from Lok Sabha Poll Campaign