അജിത്തിന്റെ പിൻഗാമിയായി സുനേത്ര ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക്; NCPയുടെ രാഷ്ട്രീയഭാവിയെന്ത്, ലയനസാധ്യത?

മുംബൈ : അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന് പ്രതിസന്ധിയിലായ എൻ.സി.പി. നേതൃത്വം, അജിത് പവാറിന്റെ ഭാര്യ സുനേത്രാ പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം സജീവമാക്കി. നിലവിൽ അവർ രാജ്യസഭാംഗമാണ്. എം.എൽ.എ.മാരെയെല്ലാം ഒന്നിച്ചുനിർത്തി ബി.ജെ.പി. മുന്നണിയോടൊപ്പം പാർട്ടിയെ നിലനിർത്താൻ കഴിയുന്ന നേതാവിനെയാണ് പാർട്ടി തിരയുന്നത്. പാർട്ടിയുടെ ഇടക്കാല അധ്യക്ഷയായേക്കുമെന്നും നേതാക്കൾ പലരും സൂചിപ്പിക്കുന്നു. നിയമസഭാകക്ഷി നേതാവായി ആരുവരുമെന്നുള്ള പ്രധാന ചോദ്യം ഉയർന്നതോടെയാണ് സുനേത്രാ പവാറിന്റെ പേര് സജീവമായത്. മറാഠാ നേതാവിനെ മാത്രമേ പാർട്ടിഎം.എൽ.എ.മാർ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കുകയുള്ളൂവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ബാരാമതിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സുനേത്രാ പവാർ സ്ഥാനാർഥിയായേക്കുമെന്നും അവർ പിന്നീട് നിയമസഭാകക്ഷി നേതാവാകുമെന്നുമാണ് പാർട്ടിനേതാക്കൾ വ്യക്തമാക്കുന്നത്. എൻ.സി.പി. വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ച സമയത്താണ് അജിത് പവാർ വിടപറഞ്ഞത്. പുണെയിലെയും പിംപ്രി -ചിഞ്ച്‌വാഡിലെയും മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾക്കായി ഇരുപാർട്ടികളും കൈകോർത്തിരുന്നു. നിരാശാജനകമായ ഫലങ്ങൾ ഉണ്ടായിരുന്നിട്ടും ഒരുമിച്ചു പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവരുകയായിരുന്നു. അജിത് പവാറിന്റെ മരണം ഇപ്പോൾ പിന്തുടർച്ചയെക്കുറിച്ചുള്ള ചോദ്യവും ലയനസാധ്യതയും സംസ്ഥാന രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാക്കിയിരിക്കുന്നു.
സുനേത്രാ പവാർ വർഷങ്ങളോളം സജീവരാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്നിരുന്നു. 2024-ൽ ശരദ്പവാറിന്റെ മകളായ സുപ്രിയാ സുലെയ്ക്കെതിരേ ബാരാമതി ലോക്‌സഭാ സീറ്റിൽ മത്സരിച്ചപ്പോഴാണ് അവരുടെ ഔപചാരിക രാഷ്ട്രീയപ്രവേശം നടന്നത്. അന്ന് അവർ പരാജയപ്പെട്ടെങ്കിലും മത്സരം അവർക്ക് സംസ്ഥാനവ്യാപകമായി നേതാവിന്റെ പരിവേഷം നൽകി. പിന്നീട് 2024-ൽ മഹായുതി സ്ഥാനാർഥിയായി രാജ്യസഭയിലേക്ക് എതിരില്ലാതെ അവർ തിരഞ്ഞെടുക്കപ്പെട്ടു. ബാരാമതിയുമായുള്ള ബന്ധമാണ് അവരുടെ ശക്തി. അജിത് പവാറിന്റെ മകൻ പാർഥ് മാവലിൽനിന്ന് മത്സരിച്ചപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ അവകാശിയായി ഉയർത്തിക്കാട്ടപ്പെട്ടു. അദ്ദേഹത്തിന്റെ തോൽവിയും തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്നുള്ള പിൻവാങ്ങലും ആ പദ്ധതിയെ തടസ്സപ്പെടുത്തിയിരുന്നു. കുടുംബപ്പേര് അദ്ദേഹത്തെ രാഷ്ട്രീയമായി പ്രസക്തനാക്കുന്നുണ്ടെങ്കിലും പാർഥിന് ശക്തമായ ഒരു നിയോജകമണ്ഡലശൃംഖലയോ പാർട്ടി അനുയായികളോ ഇല്ല. പാർട്ടിപ്രവർത്തകരെയും എം.എൽ.എ.മാരെയും സുനേത്രാ പവാറിലൂടെ ഒന്നിപ്പിച്ചുനിർത്താൻ കഴിയുമെന്നാണ് നേതാക്കൾ കരുതുന്നത്.
Content Highlights: sunetra pawar likely to become the deputy chief minister in maharashtra