മഹീന്ദ്ര ജീവനക്കാരനില്‍നിന്ന് ബലാത്സംഗ, കൊലപാതക ഭീഷണിയെന്ന് വനിതാ എംപി; കര്‍ശന നടപടിയെന്ന് കമ്പനി

സുലത ദിയോ | ഫയല്‍ചിത്രം | ഫോട്ടോ: എഎന്‍ഐ
സുലത ദിയോ | ഫയല്‍ചിത്രം | ഫോട്ടോ: എഎന്‍ഐ

ന്യൂഡല്‍ഹി: മഹീന്ദ്ര ഗ്രൂപ്പ് ജീവനക്കാരനില്‍നിന്ന് സാമൂഹികമാധ്യമങ്ങളിലൂടെ ബലാത്സംഗ, വധഭീഷണികള്‍ നേരിടുന്നതായി വനിതാ എംപിയുടെ പരാതി. ബിജു ജനതാദള്‍(ബിജെഡി) പാര്‍ട്ടിയുടെ രാജ്യസഭാംഗമായ സുലത ദിയോ ആണ് പരാതിയുമായി രംഗത്തെത്തിയത്. വിഷയത്തില്‍ പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഒഡിഷയില്‍നിന്നുള്ള രാജ്യസഭാംഗമായ സുലത കുറ്റപ്പെടുത്തി. 

'സത്യഭ്രദ നായക്' എന്ന് പേരുള്ള ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍നിന്നാണ് എംപിക്കെതിരേ ഭീഷണിയുണ്ടായത്. ഇയാള്‍ മഹീന്ദ്ര ഓട്ടോമൊബൈല്‍ ഗ്രൂപ്പിന്റെ നാസിക് ശാഖയില്‍ ജോലിചെയ്യുകയാണെന്നാണ് ഫെയ്‌സ്ബുക്ക് പ്രൊഫൈലിലുള്ളത്. ബിജെപി പ്രവര്‍ത്തകനാണെന്നും ആരോപണമുണ്ട്.

അടുത്തിടെ ഒഡിഷയില്‍ പെണ്‍കുട്ടി പൊള്ളലേറ്റ് മരിച്ചസംഭവത്തില്‍ ഫെയ്‌സ്ബുക്കിലൂടെ എംപി നടത്തിയ പ്രതികരണത്തിലാണ് ഇയാള്‍ ബലാത്സംഗ, കൊലപാതക ഭീഷണി മുഴക്കിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും എംപി പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ഒഡിഷ മുഖ്യമന്ത്രി തുടങ്ങിയവരെ ടാഗ് ചെയ്താണ് വനിതാ എംപി സാമൂഹികമാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചത്.

അതേസമയം, സത്യഭ്രദ നായക് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിക്കുന്നയാള്‍ക്കെതിരേ സാമൂഹികമമാധ്യമമായ ലിങ്ക്ഡ്ഇന്നിലും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്. 

കര്‍ശന നടപടിയെന്ന് മഹീന്ദ്ര ഗ്രൂപ്പ്
വനിതാ എംപിയുടെ പരാതി വിവാദമായതോടെ സംഭവത്തില്‍ മഹീന്ദ്ര ഗ്രൂപ്പും പ്രതികരിച്ചു. തങ്ങളുടെ ജീവനക്കാരില്‍ ഒരാള്‍ രാഷ്ട്രീയനേതാവിനെതിരേ ഫെയ്‌സ്ബുക്കില്‍ നടത്തിയ മാന്യമല്ലാത്തതും അനുചിതവുമായ സന്ദേശങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ അത്യന്തം ഗൗരവത്തോടെ ഒരു അടിയന്തര അന്വേഷണം നടത്തുമെന്നും മഹീന്ദ്ര ഗ്രൂപ്പ് അറിയിച്ചു. ആരോപണങ്ങള്‍ ശരിയാണെങ്കില്‍ ജീവനക്കാരനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മഹീന്ദ്ര ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: BJD MP Sulata Deo reports online rape, death threats from a Mahindra employee on Facebook