എനിക്ക് എട്ട് ഭാഷയറിയാം, ആളുകള്‍ കുടുതല്‍ ഭാഷകള്‍ പഠിക്കണം; ത്രിഭാഷ നയത്തെ പിന്തുണച്ച് സുധ മൂര്‍ത്തി

സുധാ മൂര്‍ത്തി | Photo: PTI
സുധാ മൂര്‍ത്തി | Photo: PTI

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ത്രിഭാഷ നയത്തെ പിന്തുണച്ച് രാജ്യസഭാ എം.പിയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സ്ഥാപകയുമായി സുധ മൂര്‍ത്തി. ഈ നയത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഭാഷ പഠിക്കുന്നതിനുള്ള സാഹചര്യമുണ്ടാകുമെന്നാണ് സുധ മൂര്‍ത്തി അഭിപ്രായപ്പെടുന്നത്. ഹിന്ദി നിര്‍ബന്ധമാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളുടെ തുടര്‍ച്ചയാണ് ത്രിഭാഷ നയമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിച്ചത്.

ഒരു വ്യക്തി വിവിധ ഭാഷകള്‍ സ്വായത്തമാക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് എട്ട് ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. പഠനം ഞാന്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. കൂടുതല്‍ ഭാഷ അറിയുന്നത്‌ വിദ്യാര്‍ഥികള്‍ക്ക് വലിയ നേട്ടമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള നയം അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് എം.പി. കാര്‍ത്തി ചിദംബരം നിലപാടെടുത്തത്. 

ഇംഗ്ലീഷ്, തമിഴ് എന്നീ ദ്വിഭാഷ നയം വളരെ കൃത്യമായി കൈകാര്യം ചെയ്യുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. ആളുകളെ ശാസ്ത്ര-വാണിജ്യ ലോകവുമായി ഇംഗ്ലീഷ് കൂടുതല്‍ അടുപ്പിക്കും. തമിഴ് അവരുടെ സംസ്‌കാരവും സ്വത്വവും സംരക്ഷിക്കുകയും ചെയ്യുന്നു. ഇനി ആര്‍ക്കെങ്കിലും മൂന്നാമത് ഒരു ഭാഷ കൂടി പഠിക്കണമെന്ന് തോന്നുകയാണെങ്കില്‍ അത് സ്വന്തം ഇഷ്ടപ്രകാരം പഠിക്കണം. അല്ലാതെ അത് നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ല. ത്രിഭാഷ നയത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ഭാഷയെന്നത് ഒരു വൈകാരിക വിഷയമാണെന്ന് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും മനസിലാക്കണമെന്ന്‌ രാജ്യസഭാ എം.പി ജെബി മേത്തര്‍ പറഞ്ഞു. ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടരുത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അനാവശ്യ ഭിന്നതയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, പ്രതിപക്ഷം ഐക്യത്തിനുവേണ്ടി നിലകൊള്ളുന്നവരാണ്. ദേശിയ വിദ്യാഭ്യാസ നയത്തില്‍ ബി.ജെ.പിക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും എം.പി. പറഞ്ഞു.

സ്റ്റാലിന്‍ സര്‍ക്കാരും ഡി.എം.കെ. പാര്‍ട്ടിയും തമിഴിനാട്ടിലെ വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയാണെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തിയത്. അതേസമയം, ഭാഷയുടെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്‌. എന്നാല്‍ മോദി സര്‍ക്കാര്‍ അങ്ങനൊരു അപരാധം ചെയ്യില്ലെന്നുമാണ് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞത്.

Content Highlights: Infosys Foundation founder Sudha Murty backs India`s trilingual education policy