സുഭാഷ് ചന്ദ്രയുടെ കടാശ്വാസ പദ്ധതി; ട്രിബ്യൂണലിൽ തർക്കം, കേസ് എൻ.സി.എൽ.ടി പ്രസിഡന്റിന് കൈമാറി

ന്യൂഡൽഹി: പ്രമുഖ വ്യവസായിയും എസ്സൽ ഗ്രൂപ്പ് ചെയർമാനുമായ സുഭാഷ് ചന്ദ്രയുടെ 22,000 കോടി രൂപയുടെ കടബാധ്യത തീർക്കാനുള്ള തിരിച്ചടവ് പദ്ധതി നിയമക്കുരുക്കിൽ. വ്യക്തിഗത പാപ്പരത്ത കേസിൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻ.സി.എൽ.ടി) അന്തിമ ഉത്തരവ് പുറപ്പെടുവിച്ചില്ല. 22,000 കോടിക്ക് തിരിച്ചടവായി 6.5 കോടി രൂപ നൽകി ബാക്കി കടം എഴുതിത്തള്ളണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ അംഗീകരിക്കുന്ന കാര്യത്തിൽ ജഡ്ജിമാർക്ക് അഭിപ്രായ ഭിന്നതയുണ്ടായി. ഇതോടെ അന്തിമ തീരുമാനം എടുക്കാൻ കഴിയാതെ കേസ് എൻ.സി.എൽ.ടി പ്രസിഡന്റിന് കൈമാറി.
തന്റെ പേരിലുള്ള 22,006 കോടിയോളം രൂപയുടെ വായ്പകൾ തീർക്കാൻ 6.5 കോടി രൂപ നൽകാമെന്നാണ് സുഭാഷ് ചന്ദ്ര കോടതിയെ അറിയിച്ചത്. അതായത് വായ്പ നൽകിയ ബാങ്കുകൾക്ക് തങ്ങളുടെ പണത്തിന്റെ 99.97 ശതമാനവും നഷ്ടം സഹിക്കേണ്ടി വരും. ബാങ്കുകളുടെ ഔദ്യോഗിക പ്രതിനിധി (റെസല്യൂഷൻ പ്രൊഫഷണൽ) നടത്തിയ പരിശോധനയിൽ സുഭാഷ് ചന്ദ്രയ്ക്ക് സ്വന്തമായി ഇത്രയും തുകയുടെ ആസ്തികളൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ ഈ പദ്ധതി തള്ളിക്കളഞ്ഞ് അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചാലും ബാങ്കുകൾക്ക് ഇതിൽ കൂടുതൽ പണമൊന്നും കിട്ടാൻ സാധ്യതയില്ലെന്നാണ് കോടതി അംഗം വിലയിരുത്തിയത്.
എന്നാൽ, എൽ.ഐ.സി ഹൗസിങ് ഫിനാൻസ് ഉൾപ്പെടെയുള്ള ചില ധനകാര്യ സ്ഥാപനങ്ങൾ ഈ പദ്ധതിയെ ശക്തമായി എതിർത്തു. ഇത്രയും വലിയ തുക എഴുതിത്തള്ളുന്നത് നിയമവിരുദ്ധമാണെന്നാണ് ഇവരുടെ വാദം. കോടതിയിലെ മൂന്ന് ജഡ്ജിമാർ ഇതിൽ മൂന്ന് വ്യത്യസ്ത അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. ഒരാൾ പദ്ധതി പൂർണമായി തള്ളി. രണ്ടാമത്തെയാൾ ഈ പദ്ധതി അംഗീകരിച്ച ബാങ്കുകൾക്ക് മാത്രം ഇത് ബാധകമാക്കുകയും എതിർത്ത ബാങ്കുകൾക്ക് പണം ഈടാക്കാൻ സ്വതന്ത്രമായ അനുമതി നൽകുകയും ചെയ്തു. മൂന്നാമത്തെ ജഡ്ജി ബാങ്കുകളുടെ എതിർപ്പ് തള്ളി പദ്ധതി എല്ലാവർക്കും ഒരേപോലെ ബാധകമാക്കണമെന്ന് നിർദേശിച്ചു. ബെഞ്ചിൽ ഭൂരിപക്ഷ അഭിപ്രായം ഉയർന്നുവരാത്തതിനാൽ നിലവിൽ ഉത്തരവുകളൊന്നും പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ട്രിബ്യൂണൽ കേസ് പ്രസിഡന്റിന് കൈമാറുകയായിരുന്നു.
Content Highlights: NCLT fails to reach a majority verdict on Subhash Chandra's Rs 22,000 crore debt relief plan., The case has been referred to the NCLT President for a final decision due to a split bench., Disputing lenders like LIC Housing Finance argued the repayment plan is impractical and illegal., The third member earlier approved a repayment plan offering a 99.97 percent waiver on liabilities.