ഡൽഹിയിലെ അപകടം: മരിച്ചവരുടെ എണ്ണം മറച്ചുവെക്കുന്നുവെന്ന് ഖാർഗെ, റെയിൽവേയുടെ പരാജയമെന്ന് രാഹുൽ

ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. റെയിൽവേയുടെ പരാജയം ഒരിക്കൽ കൂടി തെളിഞ്ഞുവെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അപകടത്തിൽ മരിച്ചവരുടേയും പരിക്കേറ്റവരുടേയും എണ്ണം കേന്ദ്ര സർക്കാർ മറച്ചുവെക്കുന്നുവെന്നും എത്രയും പെട്ടെന്ന് തന്നെ വിവരങ്ങൾ പുറത്തുവിടണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
'അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമായ വാർത്തയാണിത്. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖംപ്രാപിക്കട്ടെ. ഈ സംഭവത്തിൽ കൂടി സർക്കാരിന്റെ നിർവികാരതയും റെയിൽവേയുടെ പരാജയവും ഒരിക്കൽ കൂടി തെളിയിക്കുകയാണ്. പ്രയാഗ് രാജിലേക്ക് പോകുന്ന ഭക്തജനങ്ങളുടെ ബാഹുല്യം കണക്കിലെടുത്ത് സ്റ്റേഷനിൽ മെച്ചപ്പെട്ട ക്രമീകരണങ്ങൾ ഒരുക്കേണ്ടതായിരുന്നു. കെടുകാര്യസ്ഥതയും അനാസ്ഥയും മൂലം ആർക്കും ജീവൻ നഷ്ടപ്പെടാതിരിക്കാൻ സർക്കാരും ഭരണകൂടവും ശ്രദ്ധിക്കണമെന്നും രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.
'ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിച്ചെന്ന വാർത്ത അങ്ങേയറ്റം വേദനാജനകമാണ്. അവിടെ നിന്നുള്ള വീഡിയോകൾ ഹൃദയഭേദകമാണ്. അപകടത്തിൽപെട്ട് മരിച്ചവരുടെ എണ്ണമടക്കം മറച്ചുവെക്കാനാണ് മോദിസർക്കാർ ശ്രമിക്കുന്നത്. ഇത് തികച്ചും ലജ്ജാകരവും അപലപനീയവുമാണ്. അപകടത്തിൽ എത്രപേർ മരിച്ചു, എത്രപേർക്ക് പരിക്കേറ്റു എന്ന വിവരങ്ങൾ എത്രയും പെട്ടെന്ന് തന്നെ പുറത്തുവിടണം. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ എത്രയും പെട്ടെന്ന് തന്നെ ഉറപ്പുവരുത്തണം. അപകടത്തിൽ പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് തന്നെ മതിയായ ചികിത്സ ഉറപ്പുവരുത്തണം. മരിച്ചവരുടെ കുടുംബാഗങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു - മല്ലികാർജുൻ ഖാർഗെ എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നുകുട്ടികളടക്കം 18-ഓളം പേർ മരിച്ചിരുന്നു. മരിച്ചവരിൽ കൂടുതൽപ്പേരും സ്ത്രീകളാണ്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഇവരെ ഡൽഹിയിലെ എൽ.എൻ.ജെ.പി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്തോടെയാണ് സംഭവം.
കുംഭമേളയ്ക്ക് പോകാൻ ആളുകൾ കൂട്ടത്തോടെയെത്തിയതാണ് അപകടകാരണമെന്നാണ് വിവരം. റെയിൽവേ സ്റ്റേഷനിലെ 13, 14 നമ്പർ പ്ളാറ്റ്ഫോമുകളിൽ പ്രയാഗ് രാജിലേക്കുള്ള പ്രത്യേക തീവണ്ടി വൈകിവന്നതോടെ യാത്രക്കാർ തിക്കും തിരക്കും കൂട്ടുകയായിരുന്നു. തീവണ്ടി വരുന്നതിനുമുൻപുതന്നെ ഒട്ടേറെ യാത്രക്കാർ സ്റ്റേഷനിലെത്തിയിരുന്നു.
Content Highlights: stampede kills unspecified number of people at New Delhi railway station