ദേശീയ വിദ്യാഭ്യാസനയം വിഷം; ശത്രുത വളർത്തുമെന്ന് സ്റ്റാലിൻ

എം.കെ. സ്റ്റാലിന്‍ | Photo: ANI
എം.കെ. സ്റ്റാലിന്‍ | Photo: ANI

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) വര്‍ഗിയവാദികളും ദേശവിരുദ്ധരുമാണെന്ന് കുറ്റപ്പെടുത്തിയ വിമര്‍ശകര്‍ക്ക് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ഭാഷാപരമായ തുല്യത അവകാശപ്പെടുന്നത് വര്‍ഗീയതയല്ല, അത് ന്യായമായ ആവശ്യമാണ്. ഹിന്ദിവാദികള്‍ തമിഴ്‌നാട്ടുകാരെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുകയും ഹിന്ദി സംസാരിക്കാത്ത ആളുകളുടെ മേല്‍ അവരുടെ ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയുമാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. 

ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങളെ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ ആക്ട് എന്നിങ്ങനെ പുനര്‍നാമകരണം ചെയ്തതിനെയും സ്റ്റാലിന്‍ ചോദ്യം ചെയ്തു. ഇന്ത്യയിലെ 140 കോടി ജനങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍ക്ക് തമിഴും മറ്റ് പ്രാദേശിക ഭാഷയും ഒഴിവാക്കി പേരുകള്‍ നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. തമിഴര്‍ക്ക് വായിച്ച് മനസിലാക്കാനോ ഉച്ഛരിക്കാനോ പോലും കഴിയാത്ത ഭാഷയില്‍ നിയമങ്ങള്‍ക്ക് പേര് നല്‍കിയതിനെയും സ്റ്റാലിന്‍ വിമര്‍ശിച്ചു.

രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ വാഴ്ത്തുന്നവരുടെ പിന്‍ഗാമികളാണ് ഡി.എം.കെയുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നതെന്ന് സ്റ്റാലിന്‍ പരിഹസിച്ചു. ചൈനയുടെ ആക്രമണമുണ്ടായപ്പോഴും ബംഗ്ലാദേശ് യുദ്ധകാലത്തും കാര്‍ഗില്‍ യുദ്ധത്തിന്റെ വേളയിലും ഏറ്റവുമധികം സംഭാവന നല്‍കിയ സംസ്ഥാനം തമിഴ്‌നാടാണെന്നും അദ്ദേഹം പറഞ്ഞു. 

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ കടുത്ത വിമര്‍ശനം സ്വീകരിച്ച സ്റ്റാലിന്‍ തമിഴ്‌നാടിന് ഒരിക്കലും അംഗീകരിക്കാനാവാത്ത വിഷം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ ശത്രുത വളര്‍ത്തുമെന്നും അത് ഐക്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി നിര്‍ബന്ധമാക്കുന്നവര്‍ അവര്‍ അവകാശപ്പെടുന്ന കാര്യം സ്വാഭാവികമാണെന്ന് വിശ്വസിക്കുകയും അതിനെ പ്രതിരോധിക്കുന്നത് രാജ്യദ്രോഹമാണെന്നുമാണ് കരുതുന്നതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

Content Highlights: Tamil Nadu CM Stalin refutes allegations of DMK being anti-national