കല്യാണ മണ്ഡപം, അപ്പാര്‍ട്ട്‌മെന്റ്; വ്യാജവിലാസത്തില്‍ അര്‍പിതയുടെ മൂന്ന് കടലാസ് കമ്പനികള്‍

അര്‍പ്പിത മുഖര്‍ജി. photo: ANI, arrpietaitsme/instagram
അര്‍പ്പിത മുഖര്‍ജി. photo: ANI, arrpietaitsme/instagram

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അധ്യാപക നിയമന അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ പേരിലുള്ള മൂന്ന് കമ്പനികള്‍ പേപ്പര്‍ കമ്പനികളെന്ന് റിപ്പോര്‍ട്ട്. അര്‍പ്പിതയുടെ പേരിലുള്ള മൂന്ന് കമ്പനികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ഈ കമ്പനികള്‍ പേപ്പര്‍ കമ്പനികളാണെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തത്. 

കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികളുടെ ഡയറക്ടറാണ് അര്‍പിതയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സിംബയോസിസ് മര്‍ച്ചന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, സെന്‍ട്രി എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്, ഇച്ഛേ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഈ കമ്പനികള്‍. പാര്‍ഥ ചാറ്റര്‍ജിയുമായി ബന്ധം രൂപപ്പെട്ടതിന് ശേഷമാണ് ഈ കമ്പനികളുടെ ഡയറക്ടറായി അര്‍പിതയെ നിയമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇച്ഛേ എന്റര്‍ടൈന്‍മെന്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കെട്ടിടം ഒരു കല്യാണ മണ്ഡപമാണ്. 2011 മുതല്‍ അര്‍പിത ഡയറക്ടറായുള്ള സിംബയോസിസ് മര്‍ച്ചന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബെല്‍ഗാരിയ വിലാസത്തില്‍ അര്‍പിതയുടെ മാതാവാണ് താമസിക്കുന്നത്. ഈ കെട്ടിടത്തില്‍ ഒരു തരത്തിലുള്ള കമ്പനികളും പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ മാസം ഇ.ഡി കണക്കില്‍പ്പടാത്ത പണം പിടിച്ചെടുത്ത കൊല്‍ക്കത്തയിലെ ഫ്‌ളാറ്റിന്റെ വിലാസത്തിലാണ് മൂന്നാമത്തെ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഇതിനിടെ അര്‍പ്പിതയുടെ പേരിലുള്ള കൂടുതല്‍ ഫ്ളാറ്റുകളുടെയും ഭൂമിയുടെയും വിവരങ്ങള്‍ ഇ.ഡി.ക്ക് ലഭിച്ചിരുന്നു. ശാന്തിനികേതനിലെ ഭൂമി ഇപ്പോള്‍ അര്‍പ്പിതയുടെ പേരിലാണെങ്കിലും ആദ്യം വാങ്ങിയത് അര്‍പ്പിതയും പാര്‍ഥയും ചേര്‍ന്നാണെന്ന രേഖകളും പുറത്തുവന്നിരുന്നു. അതിനിടെ, അര്‍പ്പിതയുടെ പേരിലുള്ള മൂന്നു ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി. മരവിപ്പിച്ചിരുന്നു. രണ്ടുകോടിയോളം രൂപയുടെ നിക്ഷേപമുള്ള അക്കൗണ്ടുകളാണിവ.

ടോളിഗഞ്ചിലെ ഡയമണ്ട് സിറ്റി ക്ളബ്ബ് സമുച്ചയത്തിലെ അര്‍പ്പിതയുടെ ഫ്ളാറ്റില്‍നിന്നാണ് ആദ്യ റെയ്ഡില്‍ 21 കോടി കണ്ടെടുത്തത്. ഈ ഫ്ളാറ്റ് കൂടാതെ ഇതേ സമുച്ചയത്തില്‍ രണ്ട് ഫ്ളാറ്റുകളും ഒരു പെന്റ് ഹൗസും അര്‍പ്പിതയ്ക്കുണ്ടെന്നാണ് ഇ.ഡി. അവകാശപ്പെടുന്നത്. ഓഫീസുകള്‍,  നയാബാദ്, ബെല്‍ഘാേരിയ, ആനന്ദപുര്‍, ചിനര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ ഫ്ളാറ്റുകള്‍ എന്നിവയും ഇവരുടെ പേരിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

Content Highlights: SSC Recruitment scam Arpita Mukherjee and Partha Chatterjee