കുടിശ്ശിക; ബംഗ്ലാദേശ് വ്യോമാതിർത്തി ഉപയോഗിക്കുന്നതിന് സ്‌പൈസ് ജെറ്റിന് വിലക്ക്

ധാക്ക: ബംഗ്ലാദേശ് വ്യോമാതിർത്തി ഉപയോഗിക്കുന്നതിന് ഇന്ത്യൻ എയർലൈൻ കമ്പനിയായ സ്‌പൈസ് ജെറ്റിന് വിലക്ക്. മുടങ്ങിക്കിടക്കുന്ന കുടിശ്ശികകൾ തിരിച്ചടയ്ക്കുന്നതിൽ എയർലൈൻ വീഴ്ച വരുത്തിയതിനാലാണ് നടപടി. ബംഗ്ലാദേശ് വ്യോമാതിർത്തി ഉപയോഗിക്കാൻ കഴിയാത്തതിനാൽ, കൊൽക്കത്തയിൽ നിന്ന് ഗുവാഹാട്ടിയിലേക്കുള്ള വിമാനങ്ങൾക്ക് സ്‌പൈസ് ജെറ്റിന് കൂടുതൽ ദൈർഘ്യമേറിയ വഴി തിരഞ്ഞെടുക്കേണ്ടി വന്നിരിക്കുകയാണ്.
വിഷയത്തിൽ ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ച് വരികയാണെന്നും പെട്ടെന്ന് തന്നെ പ്രശ്‌നങ്ങൾ തീർക്കുമെന്നും സ്‌പൈസ് ജെറ്റ് പ്രതികരിച്ചു.
'ഇതൊരു സാധാരണ ഇൻഡസ്ട്രി പ്രശ്‌നമാണ്, വേഗത്തിലുള്ള പരിഹാരത്തിനായി ഞങ്ങൾ ക്രിയാത്മകമായി പ്രവർത്തിക്കുകയാണ്. ഞങ്ങളുടെ വിമാന സർവ്വീസുകൾക്ക് യാതൊരു തടസ്സവുമില്ല, ആവശ്യകതകൾക്ക് അനുസൃതമായി ഞങ്ങളുടെ ഷെഡ്യൂൾ ചെയ്ത സേവനങ്ങൾ തുടർന്നും നടത്തും' സ്‌പൈസ് ജെറ്റ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം കുടിശ്ശികയുടെ കൃത്യമായ വിശദാംശങ്ങൾ ഇതുവരെ ലഭ്യമല്ല. വിമാന ട്രാക്ക് ഡാറ്റ അനുസരിച്ച്, കൊൽക്കത്തയിൽ നിന്ന് ഗുവാഹാട്ടിയിലേക്കും ഇംഫാലിലേക്കുമുള്ള സ്‌പൈസ് ജെറ്റ് വിമാനങ്ങൾ ബംഗ്ലാദേശ് വ്യോമാതിർത്തി ഉപയോഗിക്കുന്നില്ല.
Content Highlights: SpiceJet faces airspace ban in Bangladesh due to pending dues