27 വർഷം മുമ്പ് ദലിത് യുവാക്കളെ ക്രൂരമായി ആക്രമിച്ച കേസിൽ വൈ.എസ്.ആര്‍. നേതാവിന് ഒന്നര വർഷം തടവ്‌

തോട്ട ത്രിമുര്‍ത്തുലു |ഫോട്ടോ: facebook -Thota Thrimurthulu
തോട്ട ത്രിമുര്‍ത്തുലു |ഫോട്ടോ: facebook -Thota Thrimurthulu

ഹൈദരാബാദ്: അഞ്ച് ദലിത് യുവാക്കളെ 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രൂരമായി അക്രമിച്ച വൈ.എസ്.ആര്‍ പാര്‍ട്ടി നേതാവിനും  പങ്കാളികളായ ഒമ്പത് പേർക്കെതിരെയും  വിശാഖപട്ടണം പ്രത്യേക കോടതി ചൊവ്വാഴ്ച ശിക്ഷ വിധിച്ചു. യുവാക്കളെ ആക്രമിക്കുകയും  തലമുടിയും പുരികവുമുൾപ്പടെ മുണ്ഡനം ചെയ്ത് പീഡിപ്പിക്കുകയും ചെയ്ത  മുഖ്യപ്രതിയായ വൈ.എസ്.ആര്‍ പാര്‍ട്ടി നേതാവും എം.എല്‍.സിയുമായ തോട്ട ത്രിമുര്‍ത്തുലു ഉൾപ്പെടെയുള്ള പ്രതികൾക്ക്  18 മാസം തടവും ഓരോത്തർക്കും 42,000 രൂപ പിഴയുമാണ് ശിക്ഷ.1996 ഡിസംബര്‍ 29-ന് നടന്ന കേസിൽ കോടതി നടപടികള്‍ വൈകിപ്പിച്ചതിന് 1.5 ലക്ഷം രൂപ പിഴയുമടക്കണം. ആന്ധ്രപ്രദേശിലെ മുന്നോക്ക വിഭാഗമായ കാപു അംഗമാണ് ത്രിമുര്‍ത്തുലു.

രാമചന്ത്രപുരം എം.എല്‍.എ ആയിരിക്കെ ത്രിമുര്‍ത്തലു അടങ്ങുന്ന എട്ടംഗ സംഘം കെ. ചിന്ന രാജു, ഡി. വെങ്കട്ടരമണ, സി. പട്ടാബി രാമയ്യ, കെ. ഗണപതി, പി. വെങ്കട്ടരമണ എന്നിവരെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ വെങ്കട്ടയപാലേയത്തുനിന്ന് ബലമായി പിടിച്ചു കൊണ്ടുവന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് കേസ്‌. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും താന്‍ നിരപരാധിയാണെന്നും  തോട്ട ത്രിമുര്‍ത്തുലു പ്രതികരിച്ചു. ഇക്കുറി ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ മഡപ്പേട്ടയിൽ സ്ഥാനാര്‍ത്ഥിയാണ് ത്രിമുര്‍ത്തലു. മെയ് 13-നാണ് ആന്ധ്രപ്രദേശിലെ ലോക്‌സഭാ,നിയമസഭാ  തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുക. 175 സീറ്റുകളുള്ള ആന്ധ്രപ്രദേശ് നിയമസഭയില്‍ 29 പട്ടിക ജാതി സംവരണ സീറ്റും ഏഴ് പട്ടിക വര്‍ഗ്ഗ സീറ്റുമാണുള്ളത്. 

1994-ലാണ് ആന്ധ്രപദേശിലെ രാമചന്ദ്രപുരം നിയോജക മണ്ഡലത്തില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തോട്ട ത്രിമുര്‍ത്തുലു ആദ്യമായി വിജയിക്കുന്നത്. ഈ തിരഞ്ഞടുപ്പില്‍ അക്രമിക്കപ്പെട്ട അഞ്ച് യുവാക്കളും ബി.എസ്.പി(ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി)ക്കാണ് പിന്തുണ നല്‍കിയിരുന്നത്. തനിക്കെതിരെയായി നിന്ന് ബി.എസ്.പിക്ക് പിന്തുണ നല്‍കി. ഇതിലുള്ള ദ്വേഷ്യമാണ് ഇവരെ ഉപദ്രവിക്കുന്നതിനുള്ള കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. 

1997 ജനുവരി നാലിന്‌ പട്ടിക ജാതി/പട്ടികവര്‍ഗ്ഗ നിരോധന നിയമം അടക്കം ചുമത്തി ത്രിമുര്‍ത്തുലുവിനെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ജനുവരി ഏഴിന് ജാമ്യത്തില്‍ വിട്ടു. അക്രമിക്കപ്പെട്ടവരില്‍ രണ്ട് പേരും കെ.ചിന്ന രാജുവിന്റെ സഹോദരനായ കേസിലെ പ്രധാന സാക്ഷി കെ.രാജുവും വിചാരണക്കിടെ മരണപ്പെട്ടു. 2021-ല്‍ പരാതിക്കാരുടെ ജാതി തെളിയിക്കാനായി പബ്ലിക് പ്രോസിക്യൂട്ടര്‍  ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെങ്കിലും അത്  തെളിവായി സ്വീകരിക്കാന്‍ വിശാഖപട്ടണം പ്രത്യേക കോടതി വിസമ്മതിച്ചു. പോലീസ് കുറ്റപത്രത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റ്  ചേര്‍ത്തിരുന്നില്ല.

അക്രമിക്കപ്പെട്ടവരുടെ ജാതി സര്‍ട്ടിഫിക്കേറ്റ് പരിഗണിക്കാത്തതില്‍  ഫെബ്രുവരിയിൽ  കീഴ്‌ക്കോടതിയെ ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. ജാതി സർട്ടിഫിക്കറ്റ് പരിഗണിച്ച് വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. അഞ്ച് ദലിത് യുവാക്കള്‍ക്കും നീതി കിട്ടിയെന്ന്  ചിന്ന രാജുവിന്റെ ബന്ധു പ്രതികരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോട്ട് ചെയ്തു.

Content Highlights: special court convicted ysrcp leader after 27 years for assaulting 5 dalit men