'ഒരു പോലീസുകാരൻ പോലും നിരത്തിലില്ല, ഏറ്റവും മോശം'; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ വലഞ്ഞ് യുപിയിലെ എംപി; രൂക്ഷവിമർശനം

#ന്യൂസ് ഡെസ്‌ക്
രാജീവ് റായ്(ഇടത്ത്) പ്രതീകാത്മക ചിത്രം(വലത്ത്) | Photo: ANI & AFP
രാജീവ് റായ്(ഇടത്ത്) പ്രതീകാത്മക ചിത്രം(വലത്ത്) | Photo: ANI & AFP

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കില്‍ ട്രാഫിക് പോലീസിനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി എംപി. ഉത്തര്‍പ്രദേശിലെ ഗോസിയില്‍നിന്നുള്ള എംപിയായ രാജീവ് റായിയാണ് ബെംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ വലഞ്ഞതിന് പിന്നാലെ പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് രംഗത്തെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ടാഗ് ചെയ്ത് അദ്ദേഹം സാമൂഹികമാധ്യമത്തില്‍ ഇക്കാര്യം പങ്കുവെയ്ക്കുകയുംചെയ്തു.

ഇത്രയും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിട്ടും ഇത് നിയന്ത്രിക്കാന്‍ ഒരു ട്രാഫിക് പോലീസുകാരന്‍ പോലും റോഡില്‍ ഇല്ലെന്നായിരുന്നു രാജീവ് റായ് പറഞ്ഞത്. ബെംഗളൂരുവിലെ ട്രാഫിക് പോലീസിനെ ഫോണില്‍ വിളിച്ചിട്ട് പ്രതികരണമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് പോലീസിന് പ്രാപ്തിയില്ലെന്നും നിരുത്തരവാദപരമായ സമീപനമാണെന്നും ബെംഗളൂരു നഗരം കുപ്രസിദ്ധമായ ട്രാഫിക്കിന് പേരുകേട്ടതാണെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

''ബഹുമാനപ്പെട്ട കര്‍ണാടക മുഖ്യമന്ത്രി, നിങ്ങളുടേത് ഏറ്റവും മോശം ട്രാഫിക് മാനേജ്‌മെന്റാണ്. ഒപ്പം നിരുത്തരവാദപരമായ ട്രാഫിക്ക് പോലീസും. അവര്‍ ഫോണ്‍കോള്‍ പോലും എടുക്കുന്നില്ല. ഞാന്‍ അവരോട് സംസാരിക്കാന്‍ ശ്രമിച്ചതിന്റെ സ്‌ക്രീന്‍ഷോട്ടുകളും ഇവിടെ പങ്കുവെയ്ക്കാം. ഈ മനോഹരനഗരത്തിന്റെ പേരും അതിന്റെ ഭംഗിയും നശിപ്പിക്കാന്‍ ഇത്തരം കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥര്‍ മതിയാകും. ഇപ്പോള്‍ ബെംഗളൂരുവിലെ ട്രാഫിക് ഏറ്റവും കുപ്രസിദ്ധിയുള്ള ട്രാഫിക് എന്ന ഖ്യാതിയും നേടിയിരിക്കുകയാണ്'', അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു എംപിയായ രാജീവ് റായി. ഇതിനായി ഞായറാഴ്ച ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം ഗതാഗതക്കുരുക്കില്‍പ്പെട്ടത്. രാജ്കുമാര്‍ സമാധി റോഡില്‍ ഏകദേശം ഒരുമണിക്കൂറോളം നേരം അദ്ദേഹത്തിന്റെ വാഹനം നിശ്ചലമായി കിടന്നു. ഇതേത്തുടര്‍ന്ന് വിമാനം നഷ്ടപ്പെടുമോയെന്ന ആശങ്കയ്ക്കിടെയാണ് അദ്ദേഹം സാമൂഹികമാധ്യമത്തിലൂടെ വിമര്‍ശനമുന്നയിച്ചത്.

Content Highlights: Samajwadi Party MP Rajiv Rai criticizes Bengaluru`s severe traffic jams and unresponsive traffic police, calling for better management. Learn more about the incident and his remarks.