അസമിലെ ബീഫ് നിരോധനം വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം - എംപി. ഇഖ്‌റ ഹസന്‍

ഇഖ്‌റ ഹസന്‍/PTI
ഇഖ്‌റ ഹസന്‍/PTI

ന്യൂഡല്‍ഹി: അസമിലെ ബീഫ് നിരോധനം വ്യക്തി സ്വാതന്ത്ര്യത്തിന് എതിരെന്ന് ഉത്തര്‍പ്രദേശിലെ കൈറാനയിൽ നിന്നുള്ള ലോക്‌സഭ എംപി ഇഖ്‌റ ഹസന്‍. വ്യക്തി ജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നും സ്വേച്ഛാധിപത്യത്തിലേക്കാണ് രാജ്യം നീങ്ങികൊണ്ടിരിക്കുന്നതെന്നും ഇഖ്‌റ പറഞ്ഞു.

ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണെന്നും ഇഖ്‌റ ദേശീയ മാധ്യമമായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അസമില്‍ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ബുധനാഴ്ച പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. 

അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയാണ് പൊതുവിടങ്ങളില്‍ ബീഫ് വിളമ്പുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.''2021ലാണ് അസം കാറ്റില്‍ പ്രിസര്‍വേഷന്‍ ആക്ട് നിലവില്‍ വന്നത്. അത് വിജയകരമായി രീതിയില്‍ ഫലവത്താക്കി. പൊതു ഇടങ്ങളില്‍ ബീഫ് കഴിക്കുന്നത് നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍''- എന്നാണ് ഹിമാന്ത ബിശ്വ ശര്‍മ വ്യക്തമാക്കിയത്.

ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാന്‍ മന്ത്രി പിജുഷ് ഹസാരിക പ്രതിപക്ഷമായ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പാകിസ്താനിലേക്ക് പോയി അവിടെ സ്ഥിരതാമസമാക്കിക്കൊള്ളൂ എന്നും ഹസാരിക പറഞ്ഞു.

Content Highlights: SP MP Iqra Hasan slams Assam beef ban