'എന്റെ ഭര്‍ത്താവിന്റെ കൊലപാതകിയെ യോഗി ഇല്ലാതാക്കി'; പ്രശംസിച്ചും നന്ദിപറഞ്ഞും എസ്പി എംഎല്‍എ

പൂജാ പാൽ, യോഗി ആദിത്യനാഥ് | Photo: PTI
പൂജാ പാൽ, യോഗി ആദിത്യനാഥ് | Photo: PTI

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിയും നന്ദിപറഞ്ഞും പ്രതിപക്ഷ എംഎല്‍എ പൂജാ പാല്‍. യുപി നിയമസഭയിലെ സമാജ്‌വാദി പാര്‍ട്ടി അംഗമാണ് പൂജ. ഇവരുടെ ഭര്‍ത്താവ് രാജു പാലിനെ കൊലപ്പെടുത്തിയ അതിഖ് അഹമ്മദിനെ ഇല്ലാതാക്കിയതിനാണ് യോഗിക്ക് പൂജ നന്ദി അറിയിച്ചത്. 

ഗുണ്ടാത്തലവനും എസ്പി മുന്‍ എംപിയുമായ അതിഖ് 2023-ലാണ് കൊല്ലപ്പെട്ടത്. വിഷന്‍ ഡോക്യുമെന്റ് 2037-നുമേല്‍ നടന്ന 24 മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് യോഗിയോടുള്ള നന്ദി പൂജ അറിയിച്ചത്. ബിഎസ്പി എംഎല്‍എ ആയിരുന്ന രാജു പാല്‍, 2005-ല്‍ പ്രയാഗ്‌രാജില്‍വെച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. അലഹാബാദ് വെസ്റ്റ് മണ്ഡലത്തില്‍ അതീഖ് അഹമ്മദിന്റെ സഹോദരന്‍ അഷ്‌റഫിനെ ആയിരുന്നു അന്ന് രാജു പരാജയപ്പെടുത്തിയത്. 

എന്റെ ഭര്‍ത്താവിനെ (രാജു പാല്‍) കൊലപ്പെടുത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. മറ്റാരും എന്നെ കേള്‍ക്കാതിരുന്നപ്പോള്‍ അതിന് തയ്യാറാകുകയും എനിക്ക് നീതി ലഭ്യമാക്കുകയും ചെയ്ത മുഖ്യമന്ത്രിയോട് ഞാന്‍ നന്ദി പറയുന്നു. സീറോ ടോളറന്‍സ് നയം ആവിഷ്‌കരിച്ച് നടപ്പാക്കിയതിലൂടെ അതീഖ് അഹമ്മദിനെ പോലുള്ള ക്രമിനലുകള്‍ കൊല്ലപ്പെട്ടു. അതുവഴി പ്രയാഗ്‌രാജിലെ എന്നെപ്പോലുള്ള നിരവധി സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി നീതി ലഭ്യമാക്കി. ഇന്ന് സംസ്ഥാനമൊട്ടാകെ മുഖ്യമന്ത്രിയെ വീക്ഷിക്കുന്നത് വിശ്വാസത്തിലൂന്നിയാണ്, പൂജ പറഞ്ഞു. എന്റെ ഭര്‍ത്താവിന്റെ കൊലപാതകി അതീഖ് അഹമ്മദിനെ മുഖ്യമന്ത്രി കുഴിച്ചുമൂടി, അവര്‍ കൂട്ടിച്ചേര്‍ത്തു. 

Content Highlights: sp mla thanked yogi adithyanath for eliminating atiq ahmad