ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽ ഇനി 1000 രൂപ പിഴ, ആവർത്തിച്ചാൽ ആറു മാസം തടവ്; വിജ്ഞാപനവുമായി റെയിൽവേ

ന്യൂഡൽഹി: ട്രെയിനിൽ സഹയാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചു. ഫോൺ ലൗഡ്സ്പീക്കറിലോ സ്പീക്കറിലോ ഉച്ചത്തിൽ പാട്ടുവെക്കുകയോ വീഡിയോ കാണുകയോ ചെയ്താൽ 1000 രൂപവരെ പിഴ ചുമത്തും.
യാത്രക്കാർ കൂട്ടം കൂടി ഉച്ചത്തിൽ സംസാരിക്കുന്നതും പാട്ടുപാടുന്നതും മൊബൈൽ ഫോണിൽ ലൗഡ്സ്പീക്കർ ഉപയോഗിക്കുന്നതും കാരണം നിരന്തരം തർക്കങ്ങൾ ഉണ്ടാകുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ജനവിശ്വാസ് ബില്ലിൽ ഭേദഗതി വരുത്തി റെയിൽവേ ചട്ടങ്ങൾ കർശനമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ഈ കുറ്റകൃത്യം ആവർത്തിച്ചാൽ 5000 രൂപ പിഴയോ ആറു മാസം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ മെട്രോ ട്രെയിനുകളിലും സമാനമായ നിയമങ്ങൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. കൂടാതെ, ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഇ-റിക്ഷകളിൽ പരമാവധി നാല് യാത്രക്കാരെമാത്രം അനുവദിക്കുന്ന തരത്തിൽ ക്രമീകരണങ്ങൾ കൊണ്ടുവരാനും കേന്ദ്ര നിർദേശമുണ്ട്.
Content Highlights: Southern Railway issued a notification making loud music and videos on trains a punishable offense., First-time offenders face a fine of up to ₹1000 for using loudspeakers on mobile phones., Repeat offenses can lead to a ₹5000 fine, six months imprisonment, or both., The central government plans to implement similar rules in metro trains and regulate e-rickshaws.