മകൾക്ക് നീതി,രണ്ടാഴ്ചയ്ക്ക് ശേഷം മരണം; സൗമ്യ വിശ്വനാഥന്റെ പിതാവ് അന്തരിച്ചു

കൊല്ലപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യാ വിശ്വനാഥന്റെ മാതാപിതാക്കള്‍ എം.കെ. വിശ്വനാഥനും മാധവിയും കേസ് അന്വേഷിച്ച സ്‌പെഷ്യല്‍ കമ്മിഷണര്‍ എച്ച്.ജി.എസ്. ദാലിവാളിനൊപ്പം സാകേത് കോടതിയില്‍നിന്ന് പുറത്തുവരുന്നു |ഫോട്ടോ: സാബു സ്‌കറിയാച്ചന്‍
കൊല്ലപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യാ വിശ്വനാഥന്റെ മാതാപിതാക്കള്‍ എം.കെ. വിശ്വനാഥനും മാധവിയും കേസ് അന്വേഷിച്ച സ്‌പെഷ്യല്‍ കമ്മിഷണര്‍ എച്ച്.ജി.എസ്. ദാലിവാളിനൊപ്പം സാകേത് കോടതിയില്‍നിന്ന് പുറത്തുവരുന്നു |ഫോട്ടോ: സാബു സ്‌കറിയാച്ചന്‍

ന്യൂഡൽഹി: മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എം.കെ. വിശ്വനാഥൻ (82)  അന്തരിച്ചു. മകളെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായ നാലുപേർക്ക് ഡൽഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മരണം. വെള്ളിയാഴ്ച സൗമ്യയുടെ 41-ാം ജന്മദിനമായിരുന്നു. വിശ്വാനാഥന്‍ അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ചയാണ് വിശ്വാനാഥന്‍ അന്തരിച്ചത്.

2008 ൽ 26-ാം വയസിൽ പ്രിയപ്പെട്ട മകളെ നഷ്ടപ്പെട്ട ആ രാത്രിയോടെ വിശ്വനാഥന്റെ ജീവിതം  മാറിമറിഞ്ഞു. തുടർന്നുള്ള 15 വർഷക്കാലം കേസിന്റെ തുടർനടപടികളും മറ്റുമായി പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങുന്നത് അദ്ദേഹത്തിന്റെ ദിനചര്യയായിമാറി. നിയമപോരാട്ടം അവസാനിച്ച് മകൾക്ക് നീതി നേടിയെടുത്തതിന്റെ ചാരിതാർത്ഥ്യത്തിലാണ് അദ്ദേഹം വിടപറയുന്നത്.

2008 സെപ്‌റ്റംബർ 30-ന് പുലർച്ചെ മൂന്നരയോടെ ജോലികഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ടെലിവിഷൻ വാർത്താ ചാനലായ ഹെഡ്‌ലൈൻസ് ടുഡേയിലെ (ഇപ്പോൾ ഇന്ത്യാ ടുഡെ) മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ വെടിയേറ്റുമരിച്ചത്. വസന്ത്കുഞ്ചിന് സമീപം കാറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, മൃതദേഹപരിശോധനയിൽ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തി.

ആ രാത്രി ഓഫിസിൽ നിന്നും എത്താൻ വൈകിയ മകൾക്കായി വിശ്വനാഥൻ ഉറങ്ങാതെ കാത്തിരുന്നു. ഫോൺകോളുകൾക്ക് മറുപടി ലഭിക്കാതെ വന്നതോടെ ആശങ്കയിലായെങ്കിലും അതവളുടെ വീട്ടിലേക്കുള്ള അവസാന യാത്രയായിരിക്കുമെന്ന് അദ്ദേഹം കരുതിയില്ല.കേസിൽ അന്വേഷണം നടന്നെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.

സൗമ്യ വിശ്വനാഥന്‍

2009 മാർച്ച് 18-നാണ് ഐ.ടി. ജീവനക്കാരിയായിരുന്ന ജിഗിഷ ഘോഷിനെ അജ്ഞാതർ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിലായതോടെയാണ് സൗമ്യ വധക്കേസിൽ വഴിത്തിരിവുണ്ടാകുന്നത്. ചോദ്യംചെയ്യലിനിടെയാണ് മറ്റൊരു യുവതിയെക്കൂടി തങ്ങൾ കൊലപ്പെടുത്തിയതായി പ്രതികൾ വെളിപ്പെടുത്തിയത്. 2008-ൽ നെൽസൺ മണ്ടേല റോഡിന് സമീപത്തായിരുന്നു സംഭവമെന്നും ഇവർ മൊഴി നൽകി. ഇതോടെയാണ്  സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയതും ഇതേസംഘമാണെന്ന് കണ്ടെത്തിയത്. 

സംഭവസമയത്ത് കൊലയാളി സംഘത്തിലുണ്ടായിരുന്ന നാലുപേരും മദ്യലഹരിയിലായിരുന്നു. ഒന്നാംപ്രതിയായ രവി കപൂറാണ് പ്രതികൾ സഞ്ചരിച്ചിരുന്ന വാഗൺ ആർ കാറോടിച്ചിരുന്നത്. പുലർച്ചെ മദ്യലഹരിയിൽ കാറിൽ പോകുന്നതിനിടെയാണ് ഒരു മാരുതിസെൻ കാർ ഇവരെ മറികടന്ന് പോയത്. സൗമ്യ വിശ്വനാഥന്റെ വാഹനമായിരുന്നു അത്. തങ്ങളെ മറികടന്നുപോയ സെൻ കാറിൽ കാറോടിക്കുന്ന യുവതി മാത്രമേയുള്ളൂ എന്ന് മനസിലാക്കിയ പ്രതികൾ ഈ കാറിനെ പിന്തുടർന്നു. അതിവേഗത്തിൽ കാറോടിച്ച രവി കപൂർ സൗമ്യയുടെ കാറിന് തൊട്ടടുത്തെത്തി. സൗമ്യയുടെ കാർ തടഞ്ഞുനിർത്താനായിരുന്നു പ്രതികളുടെ ആദ്യശ്രമം. എന്നാൽ, അപകടം മണത്തതോടെ സൗമ്യ കാർ നിർത്താതെ മുന്നോട്ടെടുത്തു. ഇതോടെ രവി കപൂർ സൗമ്യയ്ക്ക് നേരെ വെടിയുതിർത്തെന്നായിരുന്നു പോലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. സൗമ്യയ്ക്ക് വെടിയേറ്റതിന് പിന്നാലെ കാർ നിയന്ത്രണംതെറ്റി ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്. ഇതോടെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പിന്നീട് ഇരുപതുമിനിറ്റിന് ശേഷം പ്രതികൾ സംഭവസ്ഥലത്തേക്ക് തിരികെ എത്തിയെങ്കിലും പോലീസിനെ കണ്ടതോടെ രക്ഷപ്പെടുകയായിരുന്നു. 

15 വർഷങ്ങൾക്ക് ശേഷം നീതി ലഭിച്ചു. 2023 നവംബർ25 ന്  പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ എന്നിവർക്ക് ഡൽഹി സാകേത് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
 

Content Highlights: Soumya Viswanathan's father M.K. Viswanathan passed away on Saturday