‘മോദിയുമായി വ്യക്തിബന്ധമില്ല, കണ്ടുമുട്ടുമ്പോൾ മുഖംതരാറില്ല’; ആത്മകഥയിൽ തുറന്നെഴുതി സോണിയ ഗാന്ധി

#ന്യൂസ് ഡെസ്ക്
നരേന്ദ്രമോദിയും സോണിയ ​ഗാന്ധിയും (ഫയൽ ചിത്രം) | Photo:  PTI Photo by Vijay Verma
നരേന്ദ്രമോദിയും സോണിയ ​ഗാന്ധിയും (ഫയൽ ചിത്രം) | Photo: PTI Photo by Vijay Verma

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് യഥാർഥത്തിൽ വ്യക്തിബന്ധങ്ങളൊന്നുമില്ലെന്നും ഔദ്യോഗിക കൂടിക്കാഴ്ചകളിൽ അദ്ദേഹം മുഖംതരാറില്ലെന്നും ആത്മകഥയിലൂടെ വെളിപ്പെടുത്തി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകത്തിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും തങ്ങൾ പ്രതിനിധീകരിക്കുന്ന വേറിട്ട രാഷ്ട്രസങ്കൽപ്പങ്ങളെക്കുറിച്ചും സോണിയ ഗാന്ധി തുറന്നെഴുതുന്നത്.

‘നരേന്ദ്ര മോദി 12 വർഷത്തിലേറെയായി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തുടരുകയാണ്. ഇപ്പോൾ അദ്ദേഹം മൂന്നാം ഊഴത്തിലുമാണ്. എന്നാൽ, ഇന്നുവരെ അദ്ദേഹവുമായി എനിക്ക് യഥാർത്ഥത്തിൽ ഒരു വ്യക്തിബന്ധവും ഉണ്ടായിട്ടില്ല’ എന്ന് സോണിയ ഗാന്ധി പുസ്തകത്തിൽ കുറിക്കുന്നു.

പാർലമെന്റ് സമ്മേളനങ്ങൾക്കുശേഷം സ്പീക്കറുടെ ചെറിയ മുറിയിൽ നേതാക്കൾ ഒത്തുകൂടുമ്പോൾ മാത്രമാണ് തങ്ങൾ മുഖാമുഖം വരാറുള്ളത്. അത്തരം സന്ദർഭങ്ങളിൽ നേർക്കുനേർ വരുമ്പോൾ തങ്ങൾ പരസ്പരം ‘നമസ്തേ’ എന്ന് പറയാറുണ്ട്. എന്നാൽ, മുൻകാലങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തമ്മിൽ പുലർത്തിയിരുന്ന സൗഹൃദത്തിൽനിന്ന് തികച്ചും വ്യത്യസ്തമായി, അദ്ദേഹം എപ്പോഴും നോട്ടം മാറ്റി നിൽക്കുകയാണ് പതിവ് എന്ന് സോണിയ കൂട്ടിച്ചേർക്കുന്നു.

ഇത്തരം ചുരുങ്ങിയ അഭിവാദ്യങ്ങൾക്കപ്പുറം കാര്യമായ സംഭാഷണങ്ങൾ തങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന സോണിയ, വർഷങ്ങളായി ജന്മദിനത്തിലും പുതുവർഷത്തിലും പരസ്പരം ഔദ്യോഗിക ആശംസകൾ കൈമാറാറുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. താൻ ആശുപത്രി വാസത്തിനുശേഷം മടങ്ങിയെത്തിയപ്പോൾ ‘സുഖമാണോ?’ എന്ന് മോദി ചോദിച്ചിരുന്നതായും, ‘അതെ, എനിക്കിപ്പോൾ സുഖമാണ്, നന്ദി’ എന്ന് താൻ മറുപടി നൽകിയതായും അവർ ഓർത്തെടുക്കുന്നു.

മോദിയുടെ പി.ആർ. സംഘം പ്രചരിപ്പിക്കുന്നതുപോലെ അദ്ദേഹത്തിന്റെ പശ്ചാത്തലം അത്ര ലളിതമായിരുന്നില്ലെങ്കിലും ആർ.എസ്.എസിലൂടെ അധ്വാനിച്ചാണ് അദ്ദേഹം അധികാരത്തിലെത്തിയതെന്നും സോണിയ വ്യക്തമാക്കുന്നു. എന്നാൽ, പാർലമെന്റിൽ സംസാരിക്കുമ്പോൾ പൊതുയോഗങ്ങളിൽ ഉപയോഗിക്കുന്ന അതേ കടുത്ത ഭാഷയാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നത്. പ്രതിപക്ഷത്തെ അധിക്ഷേപിക്കുന്ന ഒരുതരം കടന്നാക്രമണമാണ് അതെന്ന് സോണിയ വിമർശിക്കുന്നു.

രാജ്യത്തെ ജനാധിപത്യ-മതേതര പാതയിലേക്ക് നയിച്ച ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനോടാണ് ബി.ജെ.പിക്ക് ഏറ്റവും വലിയ വിരോധമുള്ളതെന്ന് സോണിയ ചൂണ്ടിക്കാണിക്കുന്നു. സംഘപരിവാർ വെബ്‌സൈറ്റുകളിൽ നെഹ്റുവിനെതിരെ വ്യാജപ്രചാരണങ്ങളും അധിക്ഷേപങ്ങളും നിറഞ്ഞിരിക്കുകയാണെന്ന് അവർ ആരോപിക്കുന്നു. ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യം ‘കോൺഗ്രസ് മുക്ത ഭാരതം’ ആണെന്ന് പറയുന്ന സോണിയ, പാർട്ടിയെയും അതിന്റെ നയങ്ങളെയും ആശയങ്ങളെയും ഇല്ലാതാക്കുകയാണ് അവർ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കുന്നു.

Content Highlights: In her new memoir, senior Congress leader Sonia Gandhi reveals details about her lack of personal rapport with Prime Minister Modi and discusses contrasting political visions.