‘അമ്മയുടെ കഷ്ടപ്പാടുകൾ ഞങ്ങൾക്ക് മാത്രമേ അറിയൂ’; സോണിയയുടെ ജീവിതപോരാട്ടങ്ങളേക്കുറിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ ജനങ്ങളിലേക്ക് എത്തുന്നതിൽ സന്തോഷവും ഏറെ അഭിമാനവുമുണ്ടെന്ന് രാഹുൽ ഗാന്ധി. സോണിയാ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പുസ്തകം പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ടാണ് മകൻ രാഹുൽ ഗാന്ധി ഹൃദയസ്പർശിയായ പ്രതികരണം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചത്.
പിതാവും മാതാവും ഒന്നിച്ചുണ്ടായിരുന്നത് താൻ അവസാനമായി കണ്ടത് മുപ്പത്തഞ്ചിലധികം വർഷങ്ങൾക്ക് മുൻപാണെന്ന് രാഹുൽ ഗാന്ധി ഓർമ്മിക്കുന്നു. പിതാവ് തങ്ങളെ വിട്ടുപോയ ആ ദിവസം മുതൽ ജീവിതത്തിൽ നേരിടേണ്ടിവന്ന ഓരോ വെല്ലുവിളികളെയും അതിരറ്റ ധീരതയോടും അന്തസ്സോടും കൂടിയാണ് അമ്മ നേരിട്ടത്. പിതാവിന്റെ വിയോഗത്തിന് ശേഷം അമ്മയുടെ ജീവിതം എത്രത്തോളം കഠിനമായിരുന്നുവെന്നും എന്തൊക്കെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും തനിക്കും സഹോദരി പ്രിയങ്കയ്ക്കും മാത്രമേ യഥാർത്ഥത്തിൽ അറിയൂ എന്നും രാഹുൽ വ്യക്തമാക്കുന്നു.
സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയായ അമ്മയ്ക്ക്, സ്വന്തം ജീവിതകഥ ലോകത്തോട് തുറന്നുപറയുക എന്നത് എത്രത്തോളം പ്രയാസമേറിയ കാര്യമായിരുന്നു എന്ന് തനിക്ക് മനസ്സിലാകും. എങ്കിലും അമ്മയെ സ്നേഹിക്കുന്ന കോടിക്കണക്കിന് ജനങ്ങൾ ഒടുവിൽ ഈ കഥ വായിക്കാൻ പോകുന്നതിൽ തനിക്ക് വലിയ സന്തോഷമുണ്ട്. പിതാവിന്റെ ജന്മദിനമായ ഇന്ന്, അദ്ദേഹം മുകളിൽനിന്ന് തന്റെ പ്രിയപ്പെട്ട സോണിയയെ നോക്കി അഭിമാനത്തോടെ പുഞ്ചിരിക്കുന്നുണ്ടാകുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.