‘രാജീവ് പകർത്തിയ സോണിയയുടെ ചിത്രം’; ബിലോങ്ങിങ്: എ ജേർണി ഓഫ് ലവിന്റെ ഇന്ത്യൻ പതിപ്പിന് വ്യത്യസ്ത കവർ

ന്യൂഡൽഹി: സോണിയാ ഗാന്ധിയുടെ ഓർമപ്പുസ്തകമായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവിന്റെ ഇന്ത്യൻ പതിപ്പിന്റെ പുറംചട്ട അന്താരാഷ്ട്ര പതിപ്പിൽനിന്ന് വ്യത്യസ്തമായിരിക്കും. അന്താരാഷ്ട്ര പതിപ്പിൽ സോണിയയുടെ ക്ലോസ്-അപ്പ് മുഖചിത്രമാണ് ഉള്ളതെങ്കിൽ, ഇന്ത്യൻ പതിപ്പിൽ സാരി ധരിച്ച സോണിയ ഗാന്ധിയുടെ ചിത്രമായിരിക്കും. രാജീവ് ഗാന്ധി ക്യാമറയിൽ പകർത്തിയ സോണിയ ഗാന്ധിയുടെ ചിത്രം ആയിരിക്കും കവറിൽ പ്രത്യക്ഷപ്പെടുക എന്നാണ് സൂചന. ഇന്ത്യൻ പതിപ്പ് വിപണിയിൽ എത്തിക്കുക ഹാർപർ കോളിൻസ് ആയിരിക്കുമെന്നാണ് സൂചന.
അന്തരാഷ്ട്ര തലത്തിൽ സോണിയ ഗാന്ധിയുടെ ഓർമപ്പുസ്തകം പ്രസിദ്ധീകരിക്കുന്നത് പെൻഗ്വിൻ ആണ്. യു.എസിൽ പ്രവർത്തിക്കുന്ന പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഭാഗമായ ആൽഫ്രഡ് എ. നോഫ് ആണ് പുസ്തകത്തിന്റെ പ്രകാശനം ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ പുസ്തകത്തിലെ നാലോളം ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ഇന്ത്യയിലെ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം സോണിയ നിരസിച്ചതിനെ തുടർന്നാണ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസാധനത്തിൽനിന്ന് പിന്മാറിയത്. നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാഗങ്ങളെ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമില്ലെങ്കിലും കോൺഗ്രസ് വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന പ്രകാരം അവ ഇവയാണ്- മോദിയുടെ 'ജേഴ്സി പശു' പരാമർശം, മോദിയുമായുള്ള കൂടിക്കാഴ്ച.
2004-ൽ ഗുജറാത്തിലെ ഒരു പൊതുസമ്മേളനത്തിൽ വെച്ച് മോദി സോണിയ ഗാന്ധിയെ 'ജേഴ്സി പശു' എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് സോണിയാ ഗാന്ധി ആത്മകഥയിൽ വിശദമായി പ്രതിപാദിച്ചിരുന്നതായാണ് സൂചന. ഈ ഭാഗം പൂർണമായും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചകളുടെ വിശദാംശങ്ങളും ഓർമപ്പുസ്തകത്തിൽ സോണിയ വിശദീകരിച്ചിരുന്നുവെന്നാണ് സൂചന. പുസ്തകത്തിൽ നരേന്ദ്ര മോദിയെ മുൻ പ്രധാനമന്ത്രിമാരുമായി സോണിയ താരതമ്യം ചെയ്തിരുന്നു. ഇവ രണ്ടിലും മാറ്റം വരുത്തണമെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ആവശ്യപെട്ടയാണ് സൂചന. എന്നാൽ സോണിയ അതിന് തയ്യാറായില്ല.
ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചും ഇന്ത്യൻ അതിർത്തിയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ചും സോണിയ എഴുതിയ ഭാഗങ്ങളിലും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിലും മാറ്റം വരുത്താൻ സോണിയ തയ്യാറായില്ല. ഇന്ത്യ- ചൈന നിയന്ത്രണ രേഖയിലെ യഥാർഥ സാഹചര്യത്തെക്കുറിച്ച് കേന്ദ്ര സർക്കാർ സത്യം വെളിപ്പെടുത്തണമെന്ന് സോണിയാ ഗാന്ധിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. അതിർത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് സർക്കാർ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്ന് അവർ ആരോപിക്കുന്നു.
ആർ.എസ്.എസ്സിനെ കുറിച്ച് സോണിയ എഴുതിയ ഭാഗമാണ് മറ്റൊരു വിവാദ വിഷയം. ഇത് നീക്കണമെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും സോണിയ ഗാന്ധി തയ്യാർ ആയില്ല. ഈ കാരണങ്ങളാൽ ആണ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ പിന്മാറ്റം.
Content Highlights: Sonia Gandhi's autobiography 'Belonging: A Journey of Love' features a different cover for its Indian edition., The Indian edition cover features a saree-clad picture of Sonia clicked by Rajiv Gandhi, unlike the international close-up., HarperCollins is expected to publish the Indian edition after Penguin Random House India backed out., Penguin reportedly requested the removal of sections concerning Narendra Modi, RSS, and India-China relations, which Sonia refused.