‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

ന്യൂഡൽഹി: വിദ്യാർഥി-യുവജന പ്രതിഷേധത്തെത്തുടർന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്. എക്സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ച വാങ്ചുക്, സമാധാനത്തിന്റെയും സംയമനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിജയമാണിതെന്നും വ്യക്തമാക്കി.
‘ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. നേരിട്ടുള്ള ജനാധിപത്യം... തെരുവുകളിൽ നിന്ന് നേരിട്ട് ലഭിച്ചത്. സമാധാനത്തിന്റെയും സംയമനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിജയം.’- അദ്ദേഹം കുറിച്ചു. ‘സി.ജെ.പിക്കും രാജ്യത്തെ ജെൻ സി യുവത്വത്തിനും അഭിനന്ദനങ്ങൾ. ഒപ്പം ഭയവും ഭയപ്പെടണമെന്ന ചിന്തയും ഉപേക്ഷിച്ച് രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും എഴുന്നേറ്റുനിന്ന എല്ലാ പൗരന്മാർക്കും നന്ദി.’- അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മന്ത്രി പദവിയിൽ നിന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന്റെ ഉത്തരവാദിത്വം ആവശ്യപ്പെട്ടും ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്ന വാങ്ചുക്, വ്യാഴാഴ്ച രാത്രി വൈകിയാണ് സമരം അവസാനിപ്പിച്ചത്.
IT'S A VICTORY OF DEMOCRACY
direct democracy... straight from the streets.
It's a victory of peace, patience & persévérance.
Congratulations CJP, Gen Z of the nation and thank you all citizens for shedding fear and the fear of fear and rising up from every corner of the nation.… pic.twitter.com/rSLOfvba2R— Sonam Wangchuk (@Wangchuk66) July 25, 2026