അമേഠിയില്‍ നിന്നിരുന്നെങ്കില്‍ തോല്‍പിച്ചേനെ, രാഹുലിനെ ഇനി 'വിമര്‍ശിക്കാനില്ല'-സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ 'ആക്രമിക്കുക' എന്നത് തന്റെ ഉത്തരവാദിത്വങ്ങളില്‍ ഉള്‍പ്പെടുന്നില്ലെന്ന് ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. നിലവില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് കൂടിയായ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നിരന്തരം കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്ന സ്മൃതി ഇറാനി കുറച്ചുകാലമായി അതിന് മുതിരാറില്ല. ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സ്മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്. തന്നോട് ഏറ്റുമുട്ടാന്‍ 2024 ല്‍ ഗാന്ധി കുടുംബം വിസമ്മതിച്ചതായും പോരാട്ടമുഖത്തേക്ക് അവരിറങ്ങുന്നില്ലെങ്കില്‍ പിന്നെ താനെന്തിന് അവരുടെ പിന്നാലെ പോകണമെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തോട് സ്മൃതി ഇറാനി പ്രതികരിച്ചു.
"മത്സരരംഗത്തേക്ക് അവരിറങ്ങുന്നില്ല. അപ്പോള്‍പ്പിന്നെ ഞാനെന്താണ് പറയേണ്ടത്? എനിക്കവരുടെ പിന്നാലെ പോകാനാകില്ലല്ലോ", സ്മൃതി ഇറാനി പറഞ്ഞു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയിരുന്നു. ദീര്‍ഘകാലം മത്സരിച്ച അമേഠിയില്‍നിന്ന് 2024ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാറി റായ്ബറേലില്‍ നിന്ന് മത്സരിച്ചാണ് ജയിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സ്മൃതിയുടെ പ്രതികരണം. 2024 ല്‍ രാഹുല്‍ സ്മൃതി ഇറാനിക്കെതിരെ മത്സരിച്ചിരുന്നെങ്കില്‍ വീണ്ടും പരാജയപ്പെടുത്തുമായിരുന്നോ എന്ന ചോദ്യത്തിന് അതുകൊണ്ടാണല്ലോ രാഹുല്‍ മത്സരിക്കാത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ റായ്ബറേലിയിലേക്ക് മാറി പകരം അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ.എല്‍ ശര്‍മ്മയോടാണ് സ്മൃതി പരാജയപ്പെട്ടത്.
അനുകൂലമായ സാമൂഹികാന്തരീക്ഷം ഉള്ളതിനാലാണ് മത്സരിക്കാന്‍ ഗാന്ധി കുടുംബം വയനാട്ടിലേക്ക് ചുവട് മാറ്റിയതെന്നും സ്മൃതി ഇറാനി പറഞ്ഞു. പരാജയം ഉറപ്പുള്ള ഒരു സീറ്റ് ബുദ്ധിയുളള ഒരു നേതാവും തിരഞ്ഞെടുക്കാനിടയില്ലെന്നും എന്നാല്‍ അത്തരത്തിലുള്ള ഒരു സീറ്റില്‍ മത്സരിക്കേണ്ടി വന്നാല്‍ അത് പാര്‍ട്ടി നല്‍കുന്ന ചുമതലയാണെന്നും അവര്‍ പറഞ്ഞു. 2019 ല്‍ അതാണ് സംഭവിച്ചതെന്നും എന്നാല്‍ അസാധ്യമായ ഒരു സംഗതി താന്‍ സാധ്യമാക്കിയതായും സ്മൃതി കൂട്ടിച്ചേര്‍ത്തു.
2014 ല്‍ അമേഠിയില്‍ പരാജയപ്പെട്ടതിനെ കുറിച്ചും തുടര്‍ന്നുള്ള അഞ്ചുവര്‍ഷക്കാലം വിശ്രമമില്ലാതെ അധ്വാനിച്ചതായും സ്മൃതി അഭിമുഖത്തില്‍ വ്യക്തമാക്കി. "ഓവുചാലുകള്‍ ഞാന്‍ തന്നെ വൃത്തിയാക്കി, ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിച്ചു, ഒരുലക്ഷത്തിലേറെ വീടുകള്‍ നിര്‍മിച്ചു നല്‍കി, മെഡിക്കല്‍ കോളേജ് കൊണ്ടുവന്നു, 200 കിടക്കകളുള്ള ആശുപത്രി, കളക്ടറുടെ കാര്യാലയം, ഫയര്‍ സ്റ്റേഷന്‍ ഇവയെല്ലാം നടപ്പിലാക്കി", അവര്‍ വിശദീകരിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെട്ടതിനെ കുറിച്ചും സ്മൃതി ഇറാനി പ്രതികരിച്ചു. "ഞാനെന്റെ കടമ നിര്‍വഹിക്കാതിരുന്നെങ്കിലോ വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെന്ന് ജനങ്ങള്‍ പറയുകയോ ചെയ്തിരുന്നുവെങ്കില്‍ അതെന്നെ കൂടുതല്‍ വേദനിപ്പിക്കുമായിരുന്നു. എനിക്ക് ചെയ്യാനാകുന്നതിന്റെ പരമാവധി ഞാന്‍ ചെയ്തു", സ്മൃതി പറഞ്ഞു. ബുദ്ധിയുള്ള ഒരു നേതാവും തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റ് മത്സരിക്കാനായി തിരഞ്ഞെടുക്കില്ല കര്‍ത്തവ്യവും രാഷ്ട്രീയ സാഹചര്യങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. രാഷ്ട്രീയത്തിലുള്ളവര്‍ക്ക് അത് മനസ്സിലാകും. തിരഞ്ഞെടുപ്പ് രാഷ്ട്രീയം ദേശ സേവനം പോലെയല്ല-2024 ലെ തോല്‍വിയെക്കുറിച്ച് സ്മൃതി പറഞ്ഞു
Content Highlights: Smriti Irani discusses her political strategy, relationship with the Gandhi family