യുപിഎ കാലത്ത് റഫാലില്‍ 65 കോടി കൈക്കൂലി; വെട്ടിലായി കോണ്‍ഗ്രസ്, നടപടി എടുക്കാതെ സി.ബി.ഐ

മന്‍മോഹന്‍ സിങ്, നരേന്ദ്ര മോദി
മന്‍മോഹന്‍ സിങ്, നരേന്ദ്ര മോദി

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനക്കരാര്‍ നേടിയെടുക്കാനായി ഫ്രഞ്ച് കമ്പനിയായ ദസൊ ഏവിയേഷന്‍ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തയ്ക്ക് 65 കോടി രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. ഫഞ്ച് അന്വേഷണപോര്‍ട്ടലായ 'മീഡിയ പാര്‍ട്ടാ'ണ് ഞായറാഴ്ച ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഈ പുതിയ വെളിപ്പെടുത്തലോടെ റഫാലില്‍ ബി.ജെ.പിയ്ക്ക് പകരം വെട്ടിലായിരിക്കുന്നത് കോണ്‍ഗ്രസാണ്.

ഐ.ടി. സേവന കരാറുകളുടെ മറവില്‍ വിദേശത്തെ കടലാസു കമ്പനികളിലൂടെ 2007 മുതല്‍ 2012 വരെയാണ് ഇത്രയും തുക കൈമാറിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് നടന്ന ഈ സംഭവം റഫാല്‍ രാഷ്ട്രീയ ആയുധമാക്കിയ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 2018ല്‍ ഇതേക്കുറിച്ച് തെളിവു ലഭിച്ചിട്ടും സി.ബി.ഐ. അന്വേഷിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്രസര്‍ക്കാരോ അന്വേഷണ ഏജന്‍സിയോ വാര്‍ത്തയോടു പ്രതികരിച്ചിട്ടില്ല.

അഗസ്തവെസ്റ്റ്ലന്‍ഡ് വി.വി.ഐ.പി. ഹെലികോപ്റ്റര്‍ ഇടപാടുകേസിലെ അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ.ക്കു കിട്ടിയ രേഖകളിലാണ് കൈക്കൂലിയുടെ വിവരമുണ്ടായിരുന്നത്. 2010-ലാണ് അഗസ്തവെസ്റ്റ്ലന്‍ഡ് ഇടപാട് നടന്നത്. അതില്‍ മൗറീഷ്യസ് ആസ്ഥാനമായുള്ള കടലാസ് കമ്പനിയായ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്നോളജീസ് ലിമിറ്റഡിന്റെയും അതുപോലുള്ള മറ്റ് ഒട്ടേറെ സ്ഥാപനങ്ങളുടെയും മറവില്‍ സുഷേന്‍ ഗുപ്ത കമ്മിഷന്‍ പറ്റിയതായി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആരോപിച്ചിരുന്നു. 2019 മാര്‍ച്ചില്‍ ഇയാളെ ഇ.ഡി. അറസ്റ്റ് ചെയ്തു.

ഗുപ്തയും മറ്റൊരു പ്രതിയായ ഗൗതം ഖൈതാനും ചേര്‍ന്നാണ് ഇന്റര്‍സ്റ്റെല്ലാര്‍ ടെക്നോളജീസ് നിയന്ത്രിച്ചിരുന്നതെന്ന് അഗസ്തവെസ്റ്റ്ലന്‍ഡ് കേസില്‍ ആരോപണവിധേയനായ രാജീവ് സക്‌സേന വെളിപ്പെടുത്തിയിരുന്നു.

കടലാസ് കമ്പനിയുടെ വിവരങ്ങള്‍ മൗറീഷ്യസും കൈമാറി

ന്യൂഡല്‍ഹി: മൗറീഷ്യസിലെ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് 2018 ഒക്ടോബര്‍ 11-ന് സി.ബി.ഐ. ഡയറക്ടര്‍ക്ക് കൈമാറിയ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ 'റഫാല്‍' ഇടപാടും പരാമര്‍ശിച്ചിരുന്നതായി വെളിപ്പെടുത്തല്‍. റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്‍ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്ത 65 കോടി കൈക്കൂലി കൈപ്പറ്റിയെന്ന വാര്‍ത്തനല്‍കിയ ഫ്രഞ്ച് അന്വേഷണ പോര്‍ട്ടല്‍ മീഡിയ പാര്‍ട്ടിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യവും പരാമര്‍ശിക്കുന്നത്. ഇതിന് ഒരാഴ്ചമുമ്പ് ഒക്ടോബര്‍ നാലിനാണ് റഫാല്‍ ഇടപാടില്‍ അഴിമതിയാരോപിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി എന്നിവര്‍ സി.ബി.ഐ.ക്ക് പരാതിനല്‍കിയത്. കമ്മിഷന്‍ നല്‍കിയെന്ന രേഖകള്‍ പരാതികിട്ടി ഒരാഴ്ചയ്ക്കകം ലഭിച്ചിട്ടും തുടരന്വേഷണം വേണ്ടെന്നാണ് സി.ബി.ഐ. തീരുമാനിച്ചതെന്നും 'മീഡിയാ പാര്‍ട്ട്' പറയുന്നു.

യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നെന്ന് 2001-ല്‍ ഇന്ത്യ പ്രഖ്യാപിച്ചതിനുശേഷമാണ് ഗുപ്തയെ ദസോ ഇടനിലക്കാരനായി നിയമിച്ചത്. എന്നാല്‍, 2007-ല്‍ മാത്രമാണ് റഫാലുമായി ബന്ധപ്പെട്ട ലേലപ്രക്രിയ തുടങ്ങിയത്. കരാറിന്റെ അവസാനചര്‍ച്ച നടക്കുമ്പോള്‍ 2015-ല്‍ പ്രതിരോധമന്ത്രാലയത്തില്‍നിന്ന് സുഷേന്‍ ഗുപ്തയ്ക്ക് ചില വിവരങ്ങള്‍ ലഭിച്ചിരുന്നു. റഫാല്‍ വില കണക്കാക്കിയതുള്‍പ്പെടെയുള്ള രഹസ്യരേഖയായിരുന്നു ഇത്. ഇതുസംബന്ധിച്ച വിവരം സി.ബി.ഐ.ക്കും ലഭിച്ചിരുന്നു - 'മീഡിയാ പാര്‍ട്ട്' പറയുന്നു.

Content Highlights: Rafale deal, pay-off, Congress, BJP

Content Highlights: