‘കോൺഗ്രസിൽ ലയിക്കുമോ എന്ന ഭയം’,പ്രത്യയശാസ്ത്ര വ്യതിചലനം; ഗുരുതര ആരോപണങ്ങളുമായി ശിവസേന വിമത എംപിമാർ

മുംബൈ: ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ലയിക്കാനൊരുങ്ങുന്ന ശിവസേന (യു.ബി.ടി.)യിലെ ആറ് വിമത എം.പി.മാർ ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള പാർട്ടി അതിന്റെ യഥാർഥ പ്രത്യയശാസ്ത്രത്തിൽനിന്ന് വ്യതിചലിച്ചതായി വിമത എം.പി.മാർ സ്പീക്കറെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ലോക്സഭയിൽ ഷിന്ദേ പക്ഷത്തെ എം.പി.മാർ ഇരിക്കുന്നതിന് സമീപം തങ്ങൾക്കും സീറ്റുകൾ അനുവദിക്കണമെന്ന് ഇവർ സ്പീക്കറോട് ആവശ്യപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഭാവിയിൽ കോൺഗ്രസിൽ ശിവസേനയെ ലയിപ്പിക്കാൻ താക്കറെ പക്ഷ നേതാക്കൾക്ക് പദ്ധതിയുണ്ടായിരുന്നു എന്നാണ് വിമതരുടെ പ്രധാന ആരോപണം. ഈ ലയനനീക്കമാണ് പാർട്ടി വിടാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നും ഇവർ അവകാശപ്പെടുന്നു. ശിവസേന (യു.ബി.ടി.) കോൺഗ്രസുമായി കൂടുതൽ അടുക്കുന്നുവെന്ന ആശങ്കയാണ് പാർട്ടിയിലെ പുതിയ പിളർപ്പിന് പിന്നിലെ പ്രധാന കാരണമെന്ന് ഏക്നാഥ് ഷിന്ദേ പക്ഷത്തെ നേതാക്കളും ആരോപിച്ചു. വാർത്താസമ്മേളനത്തിൽ ശിവസേന എം.പി. നരേഷ് മസ്കെയാണ് താക്കറെ പക്ഷത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ഉദ്ധവിന്റെ നേതൃത്വത്തിൽ വിമത എം.പി.മാർ ഏറെ നാളായി അതൃപ്തരായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തങ്ങളുടെ മണ്ഡലങ്ങൾ സന്ദർശിക്കണമെന്ന ആവശ്യം ഉദ്ധവ് അവഗണിച്ചതായും തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയിൽനിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും ഇവർ പരാതിപ്പെടുന്നു. ഉദ്ധവിന്റെ മകൻ ആദിത്യ താക്കറെയെപ്പോലും നേരിട്ട് കാണാൻ തങ്ങൾക്ക് അനുവാദമുണ്ടായിരുന്നില്ലെന്നും എം.പി.മാർ കുറ്റപ്പെടുത്തുന്നു.
വിമത എംപിമാരുടെ പാർട്ടിമാറ്റത്തിന് സ്പീക്കറുടെ അംഗീകാരം ലഭിക്കാനാണ് സാധ്യത. ഇത് ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് കൂടുതൽ കരുത്തുപകരും. ഒപ്പം വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ ബില്ലും പാർലമെന്റിൽ പാസാക്കിയെടുക്കാൻ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് ആറ് വോട്ടുകൾ കൂടി അധികമായി ലഭിക്കുകയും ചെയ്യും.
Content Highlights: Six rebel Lok Sabha MPs from the Uddhav Thackeray-led Shiv Sena UBT have met Speaker Om Birla to formally align themselves with the Eknath Shinde faction, alleging that the parent party was planning a future merger with the Congress.