മംദാനി വാ തുറക്കുമ്പോൾ പാകിസ്താന്റെ പിആർ ടീം അവധിയെടുക്കും; വിമർശിച്ച് കോൺഗ്രസ് എംപി

അഭിഷേക് സിങ്വി, സൊഹ്​റാൻ മംദാനി | Photo: PTI,AFP
അഭിഷേക് സിങ്വി, സൊഹ്​റാൻ മംദാനി | Photo: PTI,AFP

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ച ഇന്ത്യൻ വംശജൻ സൊഹ്​റാൻ മംദാനിക്കെതിരെ വിമർശവുമായി കോൺഗ്രസ് എം.പി അഭിഷേക് മനു സിങ്വി. മംദാനി വാ തുറക്കുമ്പോൾ പാകിസ്താന്റെ പിആർ ടീം അവധിയെടുക്കുമെന്നായിരുന്നു വിമർശനം.

'സൊഹ്റാൻ മംദാനി വാ തുറക്കുമ്പോൾ, പാകിസ്താന്റെ പിആർ ടീം അവധിയെടുക്കുകയാണ്. ന്യൂയോർക്കിൽനിന്ന് കെട്ടുകഥകൾ വിളിച്ചുപറയുന്ന ഇയാളെപ്പോലുള്ള 'സഖ്യകക്ഷികൾ' ഉള്ളപ്പോൾ ഇന്ത്യക്ക് ശത്രുക്കളെ ആവശ്യമില്ല'. സിങ്വി എക്സിൽ കുറിച്ചു.

കാണാൻ ഭയാനകനായ മംദാനിയുടെ ശബ്ദം അരോചകമാണെന്നും അത്ര സാമർത്ഥ്യമുള്ള ആളല്ലെന്നുമായിരുന്നു ട്രംപിന്റെ അധിക്ഷേപ പരാമർശം. മംദാനിക്ക് മുന്നിൽ സെനറ്റർ ചക്ക് ഷുമർ കുമ്പിടുകയാണ്. ഡെമോക്രാറ്റുകൾ അതിരുകടന്നു. 100% കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്​റാൻ മംദാനി ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ച് മേയറാകാനൊരുങ്ങുകയാണ്. മുമ്പ് റാഡിക്കൽ ഇടതുപക്ഷക്കാർ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് അൽപ്പം പരിഹാസ്യമാണ്. ട്രംപ് പറഞ്ഞു.

ഡൊമോക്രാറ്റിക് പാർട്ടിയുടെ പ്രമുഖ നേതാവും മുൻ ന്യൂയോർക്ക് ഗവർണറുമായ ആൻഡ്രൂ കുമോയെ പരാജയപ്പെടുത്തിയാണ് സൊഹ്​റാൻ പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചത്. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം-കുടിയേറ്റ മേയറായിരിക്കും സൊഹ്​റാൻ മംദാനി. ട്രംപിന്റെ നയങ്ങളെ രൂക്ഷമായി വിമർശിക്കുന്ന ഇടത്-സോഷ്യലിസ്റ്റായ മംദാനിയുടെ വിജയത്തിൽ യുഎസിൽ പലതരത്തിലുള്ള അസ്വസ്ഥതകൾ പ്രകടമാണ്. പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് അദ്ദേഹം വിമർശിച്ചിരുന്നു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരേയും മംദാനി ശബ്ദമുയർത്തിയിരുന്നു.

Content Highlights: Congress MP Abhishek Manu Singhvi criticizes New York mayoral candidate Zohran Mamdani